മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന് പ്രണാമം

0

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു.പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാര്‍ശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്നേഹത്താല്‍ നിര്‍മിക്കപ്പെടേണ്ടതാണ് ജീവിതമെന്ന് അദ്ദേഹത്തിന്റെ ഒരോ രചനയും ഓര്‍മിപ്പിക്കുന്നു. മാനവികതാവാദവും അഹിംസാവാദവും അന്തര്‍ധാരയായ ആ കവിതകള്‍ മനുഷ്യ സങ്കീര്‍ത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്.

മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. നീണ്ട ഭൂതകാലത്തെ ഉള്‍ക്കൊണ്ട് സമകാലത്തെ ആവിഷ്‌കരിച്ച അക്കിത്തം കവിതകളില്‍ നിറഞ്ഞുനിന്ന മനുഷ്യസ്നേഹം കവിതാസ്വാദകരുടെ ഉള്ളം നിറക്കുന്നതാണ്.ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികള്‍ എല്ലാ തലമുറയിലെയും മലയാളികള്‍ക്ക് സുപരിചിതമാണ്.മലയാളത്തിലെ മഹാകവികളുടെ പരമ്പരയില്‍ നമ്മോടൊപ്പമുണ്ടായിരുന്ന ഏക കവിയാണ് ഇതോടെ വിടവാങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!