എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ പനമരത്ത് എബിസിഡി ക്യാമ്പെയിന്‍ തുടങ്ങി

0

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പെയിന് പനമരം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷയായിരുന്നു.സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്.റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക.വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, പനമരം ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) ക്യാമ്പ് നടക്കുന്നത്.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിന്ദു പ്രകാശ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, പനമരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, മാനന്തവാടി തഹസില്‍ദാര്‍ എം.ജെ അഗസ്റ്റ്യന്‍, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!