കുരുമുളകിലെ മഞ്ഞളിപ്പ് രോഗം  ജാഗ്രത പുലര്‍ത്തണം 

0

 

മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായ ശക്തമായ മഴക്ക് ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുരുമുളക് ചെടികള്‍  മഞ്ഞളിച്ചു നശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മഞ്ഞളിപ്പ് രോഗത്തിനെതിരെ കുരുമുളക് കര്‍ഷകര്‍  ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മൂട്ടി അറിയിച്ചു. നന്നായി കുരുമുളക് തിരികളുടെ പിടുത്തമുള്ള ചെടികളിലും രോഗബാധ കാണപ്പെടുന്നുണ്ട്.

മഞ്ഞളിപ്പിനുള്ള കാരണങ്ങള്‍

മഴക്ക് ശേഷം പെട്ടന്നുണ്ടായ വെയിലില്‍ കുരുമുളക് ചെടിയുടെ ചുവട്ടിലെ മണ്ണ് ഉറച്ച് പോകുകയും വായു സഞ്ചാരം കുറയുകയും വേരുകള്‍ക്ക് മൂലകങ്ങളെ വലിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നതുമാണ് ഇതിനുള്ള പ്രധാനകാരണം. ശക്തമായ മഴയില്‍ പൊട്ടാസ്യം പോലുള്ള മണ്ണിലെ അവശ്യം വേണ്ടുന്ന മൂലകങ്ങള്‍ ഗണ്യമായ അളവില്‍ നഷ്ടപ്പെട്ട് പോകുന്നത് രോഗവ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുന്നു. ചെടികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ വേരുകളിലൂടെ വലിച്ചെടുക്കാന്‍ സാധിക്കാതെ  വരുന്നതും   കുരുമുളക് തിരികളുടെ വളര്‍ച്ച നടക്കുന്നതിനാല്‍ അവ ഇലകളില്‍ നിന്നും മൂലകങ്ങള്‍ വലിച്ചെടുക്കുകയും തിരികളോട് ചേര്‍ന്ന ഇലകളൊഴികെ ബാക്കിയുള്ളവ മഞ്ഞളിക്കാനും തുടങ്ങുന്നു.
കുരുമുളക് ദ്രുതവാട്ട രേഗാണുക്കളുടെ വായു വഴിയുള്ള സാംക്രമണവും മഞ്ഞളിപ്പിനും തണ്ട്, ഞെട്ടുകള്‍, ഇലകള്‍ എന്നിവയുടെ അഴുകലിനും ഇത് കാരണമാകുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കുരുമുളക് ചെടികളില്‍ 19-19-19, 13-0-45 തുടങ്ങിയ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നതിനായുള്ള വളക്കൂട്ടുകള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം എന്ന തോതില്‍ പശ ചേര്‍ത്ത് തളിച്ചു കൊടുക്കാം.  കുരുമുളക് ചെടിയുടെ ചുവട്ടില്‍ വേരുകള്‍ പൊട്ടാതെയും  ക്ഷതമേല്‍ക്കാതെയും ചെറുതായി ഇളക്കി കാര്‍ഷിക സര്‍വകലാശാലയുടെ അയര്‍ പോലുള്ള സൂക്ഷ്മമൂലകങ്ങളും ദ്വിതീയ മൂലകങ്ങളും അടങ്ങിയ മിശ്രിതം ഇട്ടു കൊടുത്ത് ചുവട്ടിലേക്ക്  മണ്ണ് വലിച്ചു കൂട്ടികൊടുക്കാം.   അയര്‍ ഇട്ടതിന്റെ ഒരടി മാറി 100 ഗ്രാം പൊട്ടാഷ് ചേര്‍ക്കുന്നതും അഭികാമ്യമാണ്. വായുവിലൂടെയുള്ള ദ്രുത വാട്ട രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒരു ശതമാനം ബോര്‍ഡോമിശ്രിതമോ അര ശതമാനം വീര്യത്തില്‍ (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) തയ്യാറാക്കിയ കോപ്പര്‍ ഓക്സി ക്ളോറൈഡ് ലായനിയോ അനുയോജ്യമായ പശ ചേര്‍ത്ത്  ചെടിയില്‍ തളിച്ചു കൊടുക്കാം. കാലവര്‍ഷത്തിന് മുന്നോടിയായി  ചെടിയുടെ ചുവട്ടില്‍ ട്രൈക്കോ ഡര്‍മ, സ്യൂഡമോണാസ് ഇവയൊന്നും ചേര്‍ക്കാത്തയിടങ്ങളില്‍ 0.2 ശതമാനം വീര്യത്തിലുള്ള പൊട്ടാസ്യം ഫോസ്ഫോണേറ്റോ, കോപ്പര്‍ ഓക്സി ക്ളോറൈഡ് ലായനിയോ മുഴുവന്‍ വേരുകളും നനയത്തക്കവിധം ഒഴിച്ചു കൊടുക്കുന്നതും രോഗത്തെ ചെറുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!