ആലപ്പുഴ ആകാശവാണി നിലയത്തില്‍നിന്നുള്ള പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാര്‍ ഭാരതി

0

ആലപ്പുഴ ആകാശവാണി നിലയത്തില്‍നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാര്‍ ഭാരതി. പ്രക്ഷേപണം അവസാനിപ്പിച്ചതു സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ചയാണ് പ്രസാര്‍ ഭാരതി പുറപ്പെടുവിച്ചത്.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

നിലയത്തിലെ പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്നാട്ടിലെ തിരുനല്‍വേലി വരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി. കൂടാതെ, ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചതും ആലപ്പുഴയിലെ ട്രാന്‍സ്മിറ്റര്‍ ആയിരുന്നു. തിരുവനന്തപുരം സ്റ്റേഷന്റെ റിലേ സ്റ്റേഷനുമായിരുന്നു ആലപ്പുഴ.

ശേഷി കുറവുള്ള പ്രക്ഷേപിണിയാണ് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലുള്ളത്. ആലപ്പുഴ റിലേ സ്റ്റേഷന്‍ വഴിയായിരുന്നു കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരുവനന്തപുരം നിലയത്തിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!