ജില്ലാ കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും

0

സംസ്ഥാനത്തെ ജില്ലാ കോടതികളിലെയും ഉത്തരവുകള്‍ ഇനി മുതല്‍ മലയാളത്തിലും എഴുതാന്‍ ഹൈക്കോടതി നിര്‍ദേശം.ഭരണഭാഷ മലയാളമാക്കിയതിനു പിന്നാലെ കോടതി ഉത്തരവുകളും മലയാളത്തിലാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. തുടര്‍ന്ന് ഉത്തരവുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുതല്‍ മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതികള്‍ വരെ മലയാളത്തില്‍ വിധി എഴുതാനാണു ഹൈക്കോടതി റജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.മലയാളത്തില്‍ ഉത്തരവുകള്‍ എഴുതാന്‍ താല്‍പര്യമുള്ള ന്യായാധിപന്മാരുടെ പട്ടിക ജില്ലാ ജഡ്ജിമാര്‍ ഹൈക്കോടതിക്കു കൈമാറണം. പരിശീലനം ലഭിച്ചാല്‍ ഉത്തരവുകള്‍ മലയാളത്തില്‍ എഴുതാന്‍ തയാറുള്ളവരുടെയും പട്ടിക നല്‍കണം. തങ്ങളുടെ അഭിപ്രായം സഹിതം പട്ടിക ഉടന്‍ നല്‍കാനാണു ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജിമാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ മലയാളത്തിലോ ഇംഗ്ലിഷിലോ ഉത്തരവുകള്‍ എഴുതാം.മലയാളത്തില്‍ എഴുതാന്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ അക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. അതു പരിഹരിക്കാന്‍ നടപടിയെടുക്കും. മലയാളം സ്റ്റെനോഗ്രഫിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റെനോഗ്രാഫര്‍മാര്‍ക്കു പരിശീലനം നല്‍കി തുടങ്ങി. അവരുടെ സേവനം ലഭിക്കുന്നതു വരെ കഴിയുന്നതും സ്വന്തമായി മലയാളത്തില്‍ ഉത്തരവ് എഴുതണം. നിയമ പദാവലികള്‍ മലയാളത്തില്‍ ആക്കി ഉടന്‍ വിതരണം ചെയ്യും. തത്തുല്യമായ മലയാളം വാക്കുകള്‍ ലഭിക്കാത്തവയ്ക്ക് ഇംഗ്ലിഷ് വാക്കുകള്‍ തന്നെ ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!