കേരളത്തില്‍ തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു: വി ശിവന്‍കുട്ടി

0

 

സംസ്ഥാനത്ത് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ വകുപ്പ് നടത്തുന്നുണ്ട്. അതിന്റെ പരിണിത ഫലമായാണ് തൊഴിലിടങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹൃദ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക കാലത്തെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള പുസ്തകം നിയമസഭാ മീഡിയ റൂമില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം തുടങ്ങി ഏതു പ്രശ്നങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ തുടങ്ങിയ സഹജ കോള്‍സെന്റര്‍ സംവിധാനമാണ് ഇതില്‍ ഏറ്റവും പുതിയത്. തൊഴില്‍ വകുപ്പിന്റെ സജീവമായ ഇടപെടല്‍ എല്ലാ തൊഴില്‍ മേഖലയിലുമുണ്ടെന്നും വികസന സൗഹൃദ തൊഴില്‍ സംസ്‌കാരം എന്ന ആശയം തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമായി നിലവിലുള്ള നിയമങ്ങളില്‍ ഒന്‍പത് നിയമഭേദഗതികളാണ് കഴിഞ്ഞ വര്‍ഷം വകുപ്പ് കൊണ്ടുവന്നത് തോട്ടം തൊഴിലാളികളുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്നും 60 വയസായി വര്‍ധിപ്പിച്ചതും ചുമട് ഭാരം 75 കിലോയില്‍ നിന്നും 55 ആക്കി കുറച്ചതും തൊഴിലാളിപക്ഷ സമീപന നിലപാടുകളുടെ ഭാഗമാണ്. സ്ത്രീകള്‍ക്കും കൗമാരക്കാര്‍ക്കും എടുക്കാവുന്ന പരമാവധി ചുമട് ഭാരം 35 കിലോ ആക്കിയിട്ടുണ്ട്.

ഇന്ന് ഏറെ വിഷമതകള്‍ നേരിടുന്ന അസംഘടിതരായ ഗാര്‍ഹിക തൊഴിലാളി മേഖലയുടെ പ്രശ്ന പരിഹാരത്തിനുള്ള നടപടികള്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചു. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഗാര്‍ഹിക തൊഴിലാളികളെ അംഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനൊപ്പം ഗാര്‍ഹികതൊഴിലാളി റിക്രൂട്ടിംഗ് ഏജന്‍സികളെ ലൈസന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുന്നതും തൊഴിലാളി/തൊഴിലുടമ ബന്ധം കരാറിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരും അസംഘടിതരായവരുമായ തൊഴിലാളികള്‍ക്കും നഗരങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കുമുള്ള ഭവന പദ്ധതികള്‍ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ മേഖലയിലെ ഓണ്‍ ലൈന്‍ ടാക്സി തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!