സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പാലക്കാട് അറിയിച്ചു. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും. എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ അറിയാനാകും എന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമാണ് നാളെ നിലവില്‍ വരുന്നത്. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീര്‍ തുടങ്ങിയ ക്ഷീരോത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി വരും. അരിക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ ഉയരാം. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരും.
വ്യക്തത തേടി കേരളം, ജിഎസ്ടി വകുപ്പിന് കത്തയച്ചു
അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകും എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.