കേരളത്തിലെ 15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള 2506 സര്‍ക്കാര്‍ വാഹനങ്ങള്‍ ഈ മാസം പൊളിക്കും

0

സംസ്ഥാന സര്‍ക്കാരിനു കീഴിലും കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനു കീഴില്‍ 884 വാഹനങ്ങളും കെഎസ്ആര്‍ടിസിക്കു കീഴില്‍ 1622 വാഹനങ്ങളുമാണ് പൊളിക്കാനായി തിരഞ്ഞെടുത്തത്. ഈ മാസം 28നു മുന്‍പ് പൊളിക്കണമെന്നു ധനവകുപ്പ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. ഇവയ്ക്കു പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കില്‍ എഴുതിത്തള്ളും. ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കുന്നവയ്ക്കാണ് ഈ ഇളവ്. 15 വര്‍ഷം കഴിഞ്ഞവ പരിഗണിച്ചാല്‍ കെഎസ്ആര്‍ടിസിയുടേത് ഉള്‍പ്പെടെ 6153 സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കേണ്ടിവരും. കെഎസ്ആര്‍ടിസിക്ക് 4714 ബസ് പൊളിക്കണം. 15 20 വര്‍ഷം പഴക്കമുള്ള 1591 ബസും 20 വര്‍ഷത്തിലേറെ പഴക്കമുള്ള 3123 ബസുമുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ളവയില്‍ 93 എണ്ണം ഒഴികെ ബാക്കി റോഡിലിറക്കാതെ മാറ്റിയിട്ടിരിക്കുന്നു എന്നാണു കെഎസ്ആര്‍ടിസിയുടെ റിപ്പോര്‍ട്ട്.

സ്വകാര്യവാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് തെളിയിക്കണം

സര്‍ക്കാര്‍ വാഹനങ്ങളാണു പൊളിക്കാന്‍ കര്‍ശനമായി വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്വകാര്യവാഹനങ്ങളില്‍ 15 വര്‍ഷം കഴിഞ്ഞവ ഓട്ടമേറ്റഡ് കേന്ദ്രങ്ങളിലെ പരിശോധനയില്‍ ഫിറ്റ്‌നസില്ലെന്നു തെളിഞ്ഞാല്‍ പൊളിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ പഴയ സ്വകാര്യവാഹനം പൊളിക്കുന്നവര്‍ക്കു പുതിയ വാഹനം വാങ്ങുമ്പോള്‍ 25 ശതമാനവും വാണിജ്യവാഹനം പൊളിക്കുന്നവര്‍ക്ക് 15 ശതമാനവും നികുതിയിളവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കേരള സര്‍ക്കാര്‍ ഈ ഇളവ് വെട്ടിക്കുറച്ച് സ്വകാര്യ വാഹനങ്ങള്‍ക്ക് 15%, വാണിജ്യവാഹനങ്ങള്‍ക്ക് 10% എന്നിങ്ങനെയാക്കി. ഇതുള്‍പ്പെടെ പൊളിക്കല്‍ നയം ഉണ്ടാക്കിയാലേ ഇതിനുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനാകു. നയരൂപീകരണത്തിനു മുന്നോടിയായി മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറിയും കമ്മിഷണറും ഉള്‍പ്പെടുന്ന സംഘം കഴിഞ്ഞ ദിവസം ഗുജറാത്തിലെ പൊളിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

സര്‍ക്കാര്‍ കാര്‍ പഴയതാകാന്‍ 10 വര്‍ഷം

നിലവിലെ സംസ്ഥാന സര്‍ക്കാര്‍ നയം അനുസരിച്ച് ഒരു കാര്‍ പഴയ വാഹനമാകാന്‍ ഒന്നുകില്‍ 3 ലക്ഷം കിലോമീറ്റര്‍ ഓടണം. അല്ലെങ്കില്‍ 10 വര്‍ഷത്തെ പഴക്കം വേണം. ഹെവി ഡ്യൂട്ടി വാഹനമാണെങ്കില്‍ 4 ലക്ഷം കിലോമീറ്റര്‍ ഓടുകയോ 15 വര്‍ഷം പഴക്കമാവുകയോ വേണം.

വിവിധ ഓഫിസുകള്‍ സ്വന്തം നിലയ്ക്കു വാഹനങ്ങള്‍ വാങ്ങുന്നതിനാല്‍ സര്‍ക്കാരിന്റെ വാഹനങ്ങളുടെ കൃത്യം കണക്കു ലഭ്യമല്ലെന്നാണു മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 4 വര്‍ഷം മുന്‍പ് വീല്‍സ് എന്ന പോര്‍ട്ടല്‍ വഴി ആരംഭിച്ച കണക്കെടുപ്പില്‍ 17,472 വണ്ടികളുടെ വിവരങ്ങളാണ് ലഭിച്ചത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!