കാലവര്‍ഷം- ജില്ലയുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍

0

 

ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറില്‍ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കില്‍ 856 ഉം വൈത്തിരിയില്‍ 990 ഉം ബത്തേരിയില്‍ 486 ഉം മില്ലി മീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയില്‍ ഏറ്റവും മഴ ലഭിച്ചത്.കാരാപ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 758.6 മീറ്ററും ബാണാസുരയിലേത് 770.15 മീറ്ററുമാണ്. കാരാപ്പുഴയുടെ മൂന്ന് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.

ബാണാസുരയുടെ അപ്പര്‍ റൂള്‍ ലെവല്‍ 773.5 ആയതിനാല്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമില്ല.

കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമില്‍ 2282.23 അടി ജലനിരപ്പായിട്ടുണ്ട്. 2282.234 അടിയാണ്. ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങള്‍

നിലവില്‍ 16 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്. 218 കുടുംബങ്ങളിലെ 890 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വൈത്തിരി താലൂക്കില്‍ 10 ക്യാമ്പുകളിലായി 130 കുടുംബങ്ങളെയും (514 പേര്‍), മാനന്തവാടി താലൂക്കില്‍ നാല് ക്യാമ്പുകളിലായി 74 കുടുംബങ്ങളെയും (322 പേര്‍) സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 14 കുടുംബങ്ങളെയും (54 പേര്‍) മാറ്റിത്താമസിപ്പിച്ചു. 118 കുടുംബങ്ങള്‍ ബന്ധുവീടുകളിലും മാറി താമസിക്കുന്നുണ്ട്

നാശനഷ്ടങ്ങളുടെ വിവരങ്ങള്‍
തകര്‍ന്നത് 112 വീടുകള്‍
190 ഹെക്ടര്‍ കൃഷി നാശം

കാലവര്‍ഷം തുടങ്ങിയ ശേഷം ജില്ലയില്‍ ഇതുവരെയായി അഞ്ച് വീടുകള്‍ പൂര്‍ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 112 വീടുകള്‍ക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടര്‍ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേര്‍ക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 375 പോസ്റ്റുകള്‍, 3 ട്രാന്‍സ്‌ഫോര്‍മറുകള്‍, 30 കിലോമീറ്റര്‍ ലൈന്‍ എന്നിവക്ക് നാശം സംഭവിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!