സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ജിഎസ് ടി വകുപ്പിന്‍റെ പരിശോധന. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘ എന്ന പേരിൽ ഇന്നലെ രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ജിഎസ്ടി ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാൽപ്പതോളം ഓഫീസർമാരും ഇരുന്നൂറോളം ഇൻസ്പെക്ടർമാരും പങ്കെടുത്തു. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിന്‍റെ രേഖകൾ പല ഹോട്ടലുകളിൽ നിന്നുമായി ജിഎസ്ടി വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലുടമകള്‍ ഉപഭോക്താവിന്റെ പക്കൽ നിന്ന് നികുതി പിരിച്ചിട്ട് അത് സർക്കാരിൽ അടയ്ക്കാതെ വെട്ടിക്കുന്നുവെന്ന് ചിലയിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു .ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ വാർഷിക വിറ്റുവരവ് ഹോട്ടലുകൾക്ക് 20 ലക്ഷം രൂപയാണ്. സംസ്ഥാനത്തെ ചില ഹോട്ടലുകൾ മനപ്പൂർവ്വം വിറ്റുവരവ് കുറച്ചുകാണിച്ച് നികുതി വലയത്തിന് പുറത്താണ് നിൽക്കുന്നത്. രജിസ്ട്രേഷൻ എടുത്തിട്ടുള്ള ചില സ്ഥാപനങ്ങളാകട്ടെ കിട്ടുന്ന വരുമാനം കൃത്യമായി കാണിച്ച് നികുതിയടയ്ക്കുന്നുമില്ല.