അമേരിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്സ് ക്വര്‍ട്ടറില്‍

0

ലോകകപ്പ് ഫുട്ബോളില്‍ അമേരിക്കയെ പരാജയപ്പെടുത്തി നെതര്‍ലന്റ് ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ വിജയം. മെംഫിസ് ഡീപേ, ഡാലി ബ്ലിന്റ്, ഡെന്‍സര്‍ ഡെംഫ്രീസ് എന്നിവരാണ് നെതര്‍ലന്‍ഡ്സിനായി ഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി ക്വാര്‍ട്ടറില്‍ എത്തുന്നതും നെതര്‍ലന്‍ഡ്സ് ആണ്.

ആദ്യപകുതിയിലെ പത്താം മിനിറ്റിലായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ആദ്യഗോള്‍. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു ഗോള്‍ നേട്ടം. യുഎസ്എ ബോക്സിനു പുറത്തുവച്ച് ഡംഫ്രിസ് പോസ്റ്റിന് സമാന്തരമായി നീട്ടി നല്‍കിയ പന്ത് ബോക്സിനു നടുവില്‍ മെംഫിസ് ഡിപേയയുടെ കാലില്‍. അതിമനോഹരമായ കിക്കിലൂടെ ഡീപേ പന്ത് വലയിലെത്തിച്ചു. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു രണ്ടാമത്തെ ഗോള്‍. മനോഹരമായ മറ്റൊരു ഗോള്‍. വലതുവിങ്ങില്‍നിന്ന് ഡംഫ്രിസ് ബോക്സിനു നടുവിലേക്ക് നീട്ടിനല്‍കിയ പന്തില്‍ ഇക്കുറി കാലെത്തിച്ചത് ഡാലെ ബ്ലിന്‍ഡ്. താരം പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കു പായിക്കുമ്പോള്‍ യുഎസ്എ ഗോള്‍കീപ്പര്‍ ഒരിക്കല്‍ക്കൂടി കാഴ്ചക്കാരനായി.

മത്സരത്തിന്റെ 76ാം മിനിറ്റില്‍ അമേരിക്ക ഒരു ഗോള്‍ മടക്കി. ഹാജി അമീര്‍ റൈറ്റാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്്. അമീറിന്റെ കാലില്‍ത്തട്ടി ഉയര്‍ന്ന പന്ത് ഗോള്‍കീപ്പര്‍ നോപ്പര്‍ട്ടിന് മുകളിലൂടെ ഉയര്‍ന്ന് വലയില്‍ പതിക്കുകയായിരുന്നു. യുഎസ്എയുടെ ഗോള്‍നേട്ടത്തിന്റെ ആരവമടങ്ങും മുന്‍പേ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് നെതര്‍ലന്‍ഡ്സ് തിരിച്ചടിച്ചു. ആദ്യ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്റെ വകയായിരുന്നു നെതര്‍ലന്‍ഡ്സിന്റെ മൂന്നാം ഗോള്‍.

നെതര്‍ലന്‍ഡ്സ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്ന തുടര്‍ച്ചയായ 19ാമത്തെ മത്സരമാണിത്. നെതര്‍ലന്‍ഡ്സിനായി ആദ്യ ഗോള്‍ നേടിയ മെംഫിസ് ഡിപായ്, ദേശീയ ജഴ്സിയില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി. നെതര്‍ലന്‍ഡ്സിനായി 43 ഗോളുകള്‍ തികച്ച ഡിപായിക്കു മുന്നില്‍ ഇനിയുള്ളത് റോബിന്‍ വാന്‍ പേഴ്സി മാത്രമാണ്. 50 ഗോളുകളാണ് റോബിന്‍ വാന്‍ പേഴ്സി രാജ്യത്തിനായി നേടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!