കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ റോഡ് ഗതാഗതയോഗ്യമാക്കില്ലെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.നഗരത്തിലെ തിരക്ക് ഒഴിവാക്കി എളുപ്പത്തില്‍ എത്തുന്നതിന് വേണ്ടിയാണ് കൂടുതല്‍ പേരും കല്‍പ്പറ്റ ബൈപാസിനെ ആശ്രയിക്കുന്നത്. മൂന്ന് കിലോമീറ്ററോളം വരുന്ന ബൈപാസില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ടാറിങ് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും റോഡ് ഗതാഗത യോഗ്യമാക്കാന്‍ ഇതുവരെ നടപടിയില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെയാണ് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്.വാഹനഗതാഗതം ദുസ്സഹമാംവിതം റോഡ് മോശമായി കിടക്കുന്നതില്‍ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും, റോഡിന്റെ ശോചനീയാവസ്ഥ നേരില്‍കണ്ട് വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
കല്‍പ്പറ്റ -ബൈപ്പാസ് റോഡിലെ പ്രവര്‍ത്തി ഗൗരവത്തില്‍ കാണാന്‍ അവലോകന യോഗം തീരുമാനിച്ചു. രണ്ടാഴ്ചക്കകം റോഡ് ഗതാഗതയോഗ്യമാക്കില്ലെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 20 ന് മുന്‍പ് റോഡ് ഗതാഗത യോഗ്യമാക്കാനും ആറുമാസത്തിനകം റോഡിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രവര്‍ത്തി ടെര്‍മിനേറ്റ് ചെയ്ത് കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയും ആരംഭിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. അതിന്റെ ചുമതല പ്രൊജക്ടര്‍ ഡയറക്ടര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു