കൃഷ്ണഗിരിയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടാന്‍ നാലാമത്തെ കൂടും സ്ഥാപിച്ചു.കൃഷ്ണഗിരി വില്ലേജിന് സമീപത്തും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമായി സ്ഥാപിച്ച 3 കൂടുകള്‍ക്ക് പുറമെയാണ് നാലാമത്തെ കൂട് വനം വകുപ്പ് റാട്ടക്കുണ്ടില്‍ സ്ഥാപിച്ചത്.കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ച കൊളഗപ്പാറ കുരിശുമലയിലേക്ക് ടൂറിസ്റ്റുകള്‍ക്കും അതിക്രമിച്ച് കടക്കുന്ന പ്രദേശവാസികള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് മീനങ്ങാടി പോലീസ്.
മീനങ്ങാടിയിലെ ജനവാസ മേഖലയായ കൃഷ്ണഗിരി, മേപ്പേരിക്കുന്ന്, റാട്ടക്കുണ്ട് ,തുടങ്ങിയ ഭാഗങ്ങളിലെല്ലാം മൂന്നാഴ്ചയിലധികമായി കടുവാ ശല്യം രൂക്ഷമാണ് .പ്രദേശത്ത് 5 ആടുകളെയും മറ്റ് വന്യമൃഗങ്ങളെയും കടുവ ആക്രമിച്ച് കൊന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ഭീതിയിലായിരുന്നു. പ്രദേശത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വനം വകുപ്പ് നേരത്തെ തന്നെ 3 കൂടുകള്‍ സ്ഥാപിക്കുകയും സ്ഥലത്ത് വ്യാപക തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
കൊളഗപ്പാറ കുരിശുമലയിലേക്ക് ദിവസവും നിരവധി വിശ്വാസികളും ടൂറിസ്റ്റുകളും എത്താറുള്ളതാണ്. നിറയെ പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും നിറഞ്ഞ ഭാഗത്ത് കൂടിയുള്ള യാത്ര അപകടത്തിലാക്കുമെന്നതിനാലാണ് പ്രദേശത്ത് കൂടിയുള്ള കാല്‍നടയാത്രക്കാര്‍ക്കും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.രാത്രിയിലും പകലുമെല്ലാം ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടുന്നതിന് ദിവസവും കഠിശ്രമങ്ങളാണ് നടത്തുന്നത്.പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭാഗത്ത് കടുവ സ്ഥിരതാമസമാക്കുന്നതിന് മുന്‍പായി അതിനെ എങ്ങനെയെങ്കിലും പിടിച്ച് കൊണ്ട് പോകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.നാലാമത്തെ കൂടു കൂടി സ്ഥാപിച്ചതോടെ ഏതെങ്കിലുമൊരു കൂട്ടില്‍ കടുവ കുടുങ്ങുമെന്ന പ്രതിയിലാണ് വനം വകുപ്പ് അധികൃതരോടൊപ്പം ജനപ്രതിനിധികളടങ്ങുന്ന നാട്ടുകാരും .