കനത്തമഴ;വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി.

0

കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ വയ്ക്കരുതെന്നും കളക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. മലബാറിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ വ്യാപകമായ മഴ തുടരുകയാണ്.

റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന വയനാട് ജില്ലയില്‍ എന്‍ ഡി ആര്‍ എഫ് സംഘം എത്തി. 28 അംഗ സംഘമാണ് ജില്ലയിലെത്തിയത്. നേരത്തെ മണ്ണിടിച്ചില്‍ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.

 

Leave A Reply

Your email address will not be published.

error: Content is protected !!