മൂന്നു മാര്‍ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാന്‍ അധികാരം നല്‍കി വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍.
കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം മറവു ചെയ്യുന്നതിലുള്ള അവ്യക്തത നീക്കണമെന്നതാണ് പ്രധാന ആവശ്യം. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മറവു ചെയ്യണമെന്നു ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും, ഇവ ഏതൊക്കയാണെന്നു ചൂണ്ടിക്കാട്ടാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നാണു പരാതി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവു പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പഴ്‌സന്‍, കോര്‍പറേഷന്‍ മേയര്‍) അല്ലെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊല്ലാമെന്ന് ഉത്തരവില്‍ പറയുന്നു. മറ്റാരെങ്കിലും മുഖേന കാട്ടുപന്നിയെ കൊല്ലാനും അനുവദിക്കുമെങ്കിലും ഇതിനുള്ള കാരണം ഇവര്‍ വ്യക്തമാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ പകരക്കാര്‍ ആരൊക്കെയാണെന്നു ഉത്തരവില്‍ നിര്‍വചിച്ചിട്ടില്ല.ഉത്തരവിലെ ഈ പരാമര്‍ശത്തിന്റെ പേരില്‍ വരും ദിവസങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ആവശ്യങ്ങളുന്നയിച്ച് വനം മന്ത്രിക്കും വനം മേധാവിക്കും നിവേദനം നല്‍കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതാഘാതമേല്‍പ്പിക്കല്‍ എന്നിവ ഒഴികെയുള്ള മാര്‍ഗങ്ങളിലൂടെ മാത്രമേ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ പാടുള്ളൂവെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. അതേസമയം, രേഖാമൂലം പരാതി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതു പരിഗണിക്കുമെന്നു വനം വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.