സെക്രട്ടേറിയറ്റിന്റെ സുരക്ഷ പൂര്‍ണമായും സായുധസേനയെ ഏല്‍പ്പിക്കുന്നു; ചീഫ് സെക്രട്ടറി ഉത്തരവിറക്കി
സെക്രട്ടേറിയറ്റിന്റെ സുരക്ഷ പൂര്‍ണമായും സായുധസേനയെ ഏല്‍പ്പിക്കുന്നു. സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി വിന്യസിക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. 200 പേരടങ്ങുന്ന സംഘത്തെയാണ് വിന്യസിക്കുക. പ്രക്ഷോഭങ്ങളുടെ പേരില്‍ സമരക്കാര്‍ സെക്രട്ടേറിയറ്റില്‍ കടന്ന സാഹചര്യത്തിലാണ് തീരുമാനം.
സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ സമരക്കാര്‍ സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കുന്നതു പതിവായതോടെയാണ് സുരക്ഷയ്ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഡ്യൂട്ടിയിലുള്ള വിമുക്തഭടന്മാരെ സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്ന സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ പകരം വിന്യസിക്കും. സായുധരായ 200 സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിക്കുക. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും. അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് വളപ്പില്‍ കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സമരം നടത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് നടപടി. സെക്രട്ടേറിയറ്റിന്റെ നാലു കവാടങ്ങള്‍ക്കു പുറമെ കോമ്പൗണ്ടിലും വ്യവസായ സുരക്ഷാ സേനംഗങ്ങള്‍ കാവലുണ്ടാകും. നാളെ മുതലാണ് പുതിയ സുരക്ഷാ സംവിധാനം നിലവില്‍ വരിക.