വാഹന ഇൻഷുറൻസ് പ്രീമിയം ജൂൺ 1 മുതൽ ഉയരും; ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവ്

0

വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. കോവിഡ് സാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ രണ്ടു വർഷത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. കാറുകളുടേയും ഇരുചക്ര വാഹനങ്ങളുടേയും മറ്റു വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ മാറ്റങ്ങൾ ജൂൺ 1 മുതൽ നിലവിൽ വരും. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 15% ഇളവും വിന്റേജ് വിഭാഗത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കാറുകളുടെ പ്രീമിയത്തിൽ 50% ഇളവും ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് യഥാക്രമം 15 ശതമാനവും 7.5 ശതമാനവും ഇളവും ലഭിക്കും.

ഉയർത്തിയ നിരക്കുകൾ ഇങ്ങനെ (വാർഷിക നിരക്ക്)

1000 സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള കാറുകളുടെ പ്രീമിയം 2072 രൂപയിൽ നിന്ന് 2094 രൂപയാക്കി

1500 സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള കാറുകളുടെ പ്രീമിയം 3221 രൂപയിൽ നിന്ന് 3416 രൂപയായി വർധിച്ചു.

1500 സിസിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ പ്രീമിയം 7890 രൂപയിൽ നിന്ന് 7897 രൂപയാക്കി.

ഇരുചക്രവാഹനങ്ങളുടെ പ്രീമിയം (വാർഷികം)

∙ 75 സിസി വരെയുള്ള വാഹനങ്ങൾക്ക് 538 രൂപ

∙ 75 മുതൽ 150 സിസി വരെ 714 രൂപ

∙ 150 മുതൽ 350 സിസി വരെയുള്ള ടൂ വീലറുകളുടെ നിരക്ക് 1366 രൂപയാക്കി മാറ്റി.

∙ 350 സിസിക്ക് മുകളില്‍ എൻജിൻ കപ്പാസിറ്റിയുള്ള വാഹനനങ്ങളുടെ നിരക്ക് 2804 രൂപയാക്കി.

മൂന്നു വർഷം പ്രീമിയത്തിലെ മാറ്റം

1000 സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളുടെ മൂന്നു വർഷ പ്രീമിയം 6521 രൂപയാക്കി നിശ്ചയിച്ചപ്പോൾ 1000 മുതൽ 1500 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 10640 ആക്കി. 1500 സിസിയിൽ മുകളിലുള്ള വാഹനങ്ങളുടെ മൂന്നുവർഷ പ്രീമിയം 24596 രൂപയാക്കി.

മുപ്പത് കിലോവാട്ടിൽ താഴെ കപ്പാസിറ്റിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ മൂന്നുവർഷ പ്രീമിയം 5534 രൂപയും മുപ്പത് കിലോവാട്ടു മുതൽ 65 കിലോവാട്ടുവരെയുള്ള വാഹനങ്ങളുടെ പ്രീമിയം 9044 രൂപയും 65 കിലോവാട്ടിന് മുകളിലുള്ളവയുടെ 20907 രൂപയുമാക്കി.

അഞ്ചുവർഷ പ്രീമിയത്തിലെ മാറ്റം (ഇരുചക്രവാഹനം)

75 സി സി വരെ എൻജിൻ കപ്പാസിറ്റിയുള്ള ഇരുചക്രവാഹനങ്ങളുടെ അഞ്ചുവർഷ പ്രീമിയം 2901 ആക്കി നിശ്ചയിച്ചു. 75സിസി മുതുൽ 150 സിസി വരെയുള്ളത് 3851 രൂപയും 150 സിസി മുതൽ 350 സിസി വരെ 7365 രൂപയായും 350 സിസിക്ക് മുകളിൽ 15117 രൂപയുമാണ്.

മൂന്ന് കിലോവാട്ടിന് താഴെ ശേഷിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ അഞ്ച് വർഷ പ്രീമിയം 2466 രൂപയും മൂന്നു മുതൽ 7 കിലോവാട്ടുകൾ വരെയുള്ള ഇരുചക്രവാഹനങ്ങളുടെ പ്രീമിയം 3273 രൂപയും 7 കിലോവാട്ട് മുതൽ 16 കിലോവാട്ട് വരെയുള്ള വാഹനങ്ങളുടെ പ്രീമിയം 6260 രൂപയും 16 കിലോവാട്ടിന് മുകളിലുള്ള വാഹനങ്ങളുടെ 12849 രൂപയുമാക്കി മാറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!