സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ആശ്രിതരെ ചേര്‍ക്കുന്നതും നേരിട്ട് പരാതി സ്വീകരിക്കുന്നതും നിര്‍ത്തി. ഇതുസംബന്ധിച്ച നിബന്ധകള്‍ പുതുക്കി.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നവജാതശിശുക്കളെയും പുതുതായി വിവാഹം കഴിക്കുന്നവരുടെ പങ്കാളികളെയും മാത്രമേ ചേര്‍ക്കാനാകൂ. നവജാത ശിശുക്കളുടെ പേര് 180 ദിവസത്തിനകവും വിവാഹം ചെയ്യുന്നവര്‍ പങ്കാളിയുടെ പേര് 30 ദിവസത്തിനകവും ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനവകുപ്പ് നിര്‍ദേശിച്ചു.
മറ്റു കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും അനുവദിക്കില്ല.മെഡിസെപ് വെബ്‌സൈറ്റിലെ ഗ്രീവന്‍സ് ലിങ്കിലെ ലെവല്‍ വണ്‍ ഗ്രീവന്‍സ് ഫയലിങ് മെനുവിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ചുള്ള ഗുണഭോക്താക്കളുടെ പരാതികള്‍ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഒരു ജീവനക്കാരന് ഒരു മെഡിസെപ് ഐഡി മാത്രമേ പാടുള്ളൂ.
വാഹനാപകടം, പക്ഷാഘാതം ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യത്തില്‍ മെഡിസെപ്പില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രിയില്‍ ചെയ്യുന്ന ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് കമ്പനി റീഇംബേഴ്‌സ്‌മെന്റ് അനുവദിക്കും. മെഡിസെപ് വെബ്‌സൈറ്റിലെ ഡൗണ്‍ലോഡ് ലിങ്കിലെ ക്ലെയിം ഫോം പ്രിന്റ് എടുത്തു പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത് medisep@oriental insurance.co.in എന്ന മെയിലിലേക്ക് അയയ്ക്കണം.