ഏപ്രില്‍ 28ന് കെഎസ്ആര്‍ടിസി പണിമുടക്ക്

0

 

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നല്‍കി.  ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാനം ചെയ്തു.

എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്പളം നല്‍കുമെന്ന ധാരണ ലംഘിച്ചതായി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ചിലെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. വിഷു, ഈസ്റ്റര്‍ പോലുള്ള ആഘോഷങ്ങള്‍ വരാനിരിക്കേ, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കെ- സ്വിഫ്റ്റില്‍ എംപാനല്‍ ജീവനക്കാരെ നിയമിക്കുമെന്ന വാഗ്ദാനവും ലംഘിച്ചു. സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്നും ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.

വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് എഐടിയുസി.  ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് എഐടിയുസി ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ചീഫ് ഓഫീസിന് മുന്നില്‍ എഐടിയുസി അനിശ്ചിതകാല സമരം തുടങ്ങി.അതിനിടെ, സമരം പ്രഖ്യാപിച്ച ജീവനക്കാരുടെ സംഘടനകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തുവന്നു. സമരം ചെയ്താല്‍ പൈസ വരുമോയെന്ന് ആന്റണി രാജു ചോദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!