വാട്ടര്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി കുടിവെള്ള പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടേയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റേയും ലാബുകള്‍ പ്രയോജനപ്പെടുത്തും. വാട്ടര്‍ അതോറിറ്റി വര്‍ഷത്തില്‍ ഒരുതവണ സൗജന്യമായി സ്‌കൂളുകളില്‍ ജല പരിശോധന നടത്തുന്ന കാര്യം പരിഗണിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടിയും റോഷി അഗസ്റ്റിനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കുടിവെള്ള പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സാമ്പിളുകളുടെ ഭൗതിക, രാസ, മൈക്രോബയോളജിക്കല്‍ പരിശോധനകള്‍ നടത്തുന്നതാണ്.സ്‌കൂളുകള്‍ ഇപ്പോള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണര്‍, കുഴല്‍ക്കിണര്‍, പൈപ്പ് ലൈന്‍ സംവിധാനങ്ങളെ തരം തിരിച്ച് മുന്‍ഗണന കണ്ടെത്തി പരിശോധന ഉടന്‍ ആരംഭിക്കും. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.