റോഡ് പണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍. ദുരിതത്തിലായി കുടുംബങ്ങള്‍

0

നെന്മേനി മഞ്ഞാടിയിലെ ലൈഫ് വില്ലാസിലെ റോഡ് പണി പൂര്‍ത്തീകരിക്കാതെ കരാറുകാരന്‍. ദുരിതത്തിലായി കുടുംബങ്ങള്‍. റോഡിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് രോഗികളടക്കമുള്ള വരാണ് ദുരിതത്തിലായിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 12 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച റോഡ് പ്രവര്‍ത്തിയാണ് കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് നീണ്ടു പോകുന്നത്.

നെന്മേനി പഞ്ചായത്ത് മഞ്ഞാടിയില്‍ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകളിലേക്കുള്ള റോഡാണ് രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2020 ഒക്ടോബറിലാണ് കുടുബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയത്. എന്നാല്‍ വീടുകളിലേക്കുളള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം കരാറുകാരന്റെ അനാസ്ഥയാണന്നാണ് താമസക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ മഴ ആരംഭിച്ചതോടെ റോഡിന്റെ അവസ്ഥ ശോചനീയമാണ്. രോഗികളടക്കം ആശുപത്രികളിലെത്തിക്കണമെങ്കില്‍ ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണ് ഉള്ളത്. കരാറുകാരനെ ബന്ധപ്പെടാന്‍ താമസക്കാര്‍ ശ്രമിച്ചിട്ടും കരാറുകാരന്‍ ഒഴിഞ്ഞുമാറുകയാണന്നാണ് ആരോപണം. നിലവില്‍ അരകിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ 60 മീറ്റര്‍ ദൂരം മാത്രമാണ് ഇന്റര്‍ലോക് പതിച്ചിരിക്കുന്നത്. ബാക്കി വരുന്ന ഭാഗം മണ്‍പാതയാണ്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപ്പെട്ട് പാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ദുരിതത്തിന് അറുതി കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!