മൃഗസംരക്ഷണ വകുപ്പിന്റെ മാതൃക ഗ്രാമപഞ്ചായത്തായി പുല്‍പ്പള്ളി

0

മൃഗസംരക്ഷണ വകുപ്പിന്റെ 2022- 23 വര്‍ഷത്തെ മാതൃക ഗ്രാമപഞ്ചായത്തായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. മൃഗസംരക്ഷണ മേഖലയില്‍ മികച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിനാണ് 5 ലക്ഷം രൂപയുടെ വകുപ്പ് തല വിഹിതം ലഭിക്കുക. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍,ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയരാജ്. കെ. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ.വി.ആര്‍.താര തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്.

വ്യത്യസ്തവും നൂ തനവും കര്‍ഷകോന്‍ മുഖവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ഈ തുക വിനി യോഗിക്കാം.മൃഗസംരക്ഷണ- ക്ഷീര മേഖലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി,വേനല്‍ക്കാല കറവ സംരക്ഷണ പദ്ധതി, ചികിത്സ സേവനം ഉറപ്പുവരുത്താന്‍ 25 ലക്ഷം രൂപയുടെ മരുന്നു ലഭ്യമാക്കുന്ന പദ്ധതി,കുരങ്ങു പനി പ്രതിരോധ നടപടികള്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങളിലെ മികവിനാണ് അംഗീകാരം.മാതൃകാ ഗ്രാമപഞ്ചായത്ത് വിഹിതം, ഈ വര്‍ഷത്തെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗര്‍ഭിണി പശുക്കള്‍ക്കും കന്നുകുട്ടികള്‍ക്കുമുള്ള സമഗ്ര പോഷക സംരക്ഷണ പരിപാടിയായ എന്റെ പൈക്കിടാവ് എന്ന നൂതന പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി വിനിയോഗിക്കുമെന്ന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാറും നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഡോ. കെ.എസ്. പ്രേമനും പറഞ്ഞു.ഈ പദ്ധതിയിലൂടെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 100 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.

ആറുമാസത്തിനു മുകളില്‍ ഗര്‍ഭിണിയായ കിടാരികളോ പശുക്കളോ ഉള്ള ക്ഷീരകര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഗര്‍ഭകാല സംരക്ഷണത്തിന്റെ ഭാഗമായി അധിക അളവില്‍ കാലിത്തീറ്റയും പ്രസവത്തോടനുബന്ധമായും പ്രസവ ശേഷവും അവശ്യം വേണ്ട മരുന്നുകളും ധാതുലവണ മിശ്രിതങ്ങളും വൈറ്റമിന്‍ സപ്ലിമെന്റുകളും കാല്‍സ്യം ടോണിക്കുകളും ഗ്ലൂക്കോ നിയോജനിക്ക് മരുന്നുകളും കര്‍ഷകര്‍ക്ക് ലഭിക്കും. കൂടാതെ ജനിക്കുന്ന കന്നു കുട്ടിക്ക് നിശ്ചിത അളവില്‍ പാല്‍ ലഭ്യത ഉറപ്പുവരുത്താന്‍ മില്‍ക്ക് ക്യാനും ഫീഡിങ് ബോട്ടിലും പദ്ധതിയുടെ ഭാഗമായി നല്‍കും. കൂടാതെ നാല് മാസ കാലം കന്നു കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ കാഫ് സ്റ്റാര്‍ട്ടറും പ്രത്യേക പ്രോട്ടീന്‍ സപ്ലിമെന്റുകളും വിതരണം ചെയ്യും. മരുന്ന് ഇനത്തില്‍ ഒരു ഗുണഭോക്താവിന് 5000/ രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ കാലിത്തീറ്റയും കാഫ് സ്റ്റാട്ടറും പകുതി വിലയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കും.പശുക്കളുടെ കറവയും കന്നുക്കുട്ടികളുടെ വളര്‍ച്ച നിരക്കും മോണിറ്റര്‍ ചെയ്യാന്‍ മാസത്തില്‍ രണ്ട് തവണ ഫെസിലിറ്റേറ്റര്‍മാര്‍ കര്‍ഷക ഭവനങ്ങളില്‍ എത്തി പരിശോധന നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!