പുതിയ വകഭേദം; കോവിഡ് മാനദണ്ഡങ്ങള്‍ തുടരും, മാസ്‌ക് ധരിക്കലും സാമൂഹിക അകലവും പാലിക്കണമെന്ന് കേന്ദ്രം

0

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ തുടരാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. മാസ്‌ക ധരിക്കലും സാമൂഹിക അകലവും തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയച്ചു വരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി.

ഇന്‍ഫ്ളുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതാണ്. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!