കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വര്‍ഷം. ദാരിദ്രനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ ഇന്ന് 45 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വര്‍ഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നല്‍കി. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാന്‍ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ.
ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ല്‍ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1999 ഏപ്രില്‍ 1 ന് പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ ജന പദ്ധതിയുമായി സഹകരിച്ച് കേരള സര്‍ക്കാര്‍, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കല്‍.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ സ്ത്രീജീവിതത്തിന്റെ സമസ്തമേഖലയേയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു.2000 ജൂണ്‍ മാസത്തോടെ ഒന്നാം ഘട്ടമായ 262 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. 2002 മാര്‍ച്ചില്‍ കേരളം മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ അവര്‍ക്ക് സ്വയം പര്യാപ്തത നേടിയെടുക്കുവാന്‍ പ്രാപ്തരാക്കുക എന്ന പദ്ധതിയുടെ ചുമതല കേരളത്തില്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിക്കായിരുന്നു. സ്ത്രീകളുടെ കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിച്ച്, ഏതെങ്കിലും ചെറുകിട സംരംഭങ്ങള്‍ വഴി അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു നിശ്ചിത വരുമാനം ഉണ്ടാക്കി നല്‍കി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.
അതതു പഞ്ചായത്തിലെയും നഗരസഭയിലെയും ദാരിദ്ര്യ രേഖയ്ക്കുതാഴെ ജീവിക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളാണ് അംഗങ്ങള്‍. ഈ അംഗങ്ങളുടെ പരമാവധി എണ്ണം 10 മുതല്‍ 20 വരെ ആണ്. ഓരോ ഘടകവും അയല്‍ക്കൂട്ടം എന്നറിയപ്പെടുന്നു. അതില്‍ നിന്നും 5 അംഗങ്ങളെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലാണ്. ഓരോ വാര്‍ഡിലും/ ഡിവിഷനിലും ഉള്ള വിവിധ അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിക്കുന്നത് ഏരിയ ഡെവലപ്മെന്റ്റ് സൊസൈറ്റികള്‍ ആണ്. അതതു സ്ഥലത്തെ വാര്‍ഡ്/ ഡിവിഷന്‍ മെമ്പര്‍ ആണ് അഉട ന്റെ ചുമതലക്കാരന്‍. ഓരോ പഞ്ചായത്തിലും നഗരസഭയിലും ഇവയെ ഏകോപിപ്പിച്ചുകൊണ്ട് കമ്മ്യുനിറ്റി ഡെവലപ്മെന്റ്റ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
സോപ്പും പേപ്പര്‍ബാഗും മുതല്‍ കേറ്ററിംഗ് സര്‍വീസും ഡ്രൈവിംഗ് പരിശീനക്ലാസുകളും വരെ. തയ്യല്‍ പരീശീലനം മുതല്‍ വസ്ത്രനിര്‍മാണം വരെ എണ്ണിയാല്‍ തീരാത്ത സാധ്യതകളാണ് സ്ത്രീകള്‍ക്ക് മുന്നില്‍ കുടുംബശ്രീ തുറന്നിട്ടത്. ജീവിതവഴിയില്‍ തളര്‍ന്നു നിന്നവര്‍ , സാമ്പത്തിക പരാധീനത അനുഭവിച്ചവര്‍, കുടുംബശ്രീയിലൂടെ ജീവിതം തിരിച്ചുപിടിച്ചവര്‍ ഏറെയാണ്. ഇരുപത്തി അഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ 43 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. രണ്ടര ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങള്‍, 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍, 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍,1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകള്‍ അങ്ങനെ കുടുംബശ്രീ മുന്നേറുകയാണ്.