വീടുകയറി ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്‌തെന്ന പരാതിയുമായെത്തി പിന്നീട് കൊലക്കേസില്‍ പ്രതിയായ ഷൈബിന്‍ അഷറഫിന്റെ ജീവിത കഥ സിനിമ കഥകളെ വെല്ലുന്നത്. ഓട്ടോ ഓടിച്ചും ലോറിയിലെ ക്ലീനറായും നടന്നിരുന്ന ഷൈബിന്‍ ഇരുട്ടി വെളുക്കുന്ന സമയം കൊണ്ടാണ് കോടീശ്വരനായി മാറിയത്. പാട്ടവയല്‍ റോഡില്‍ പുത്തന്‍കുന്നില്‍ കോടികളുടെ കൊട്ടാരസമാനമായ മന്ദിരമാണ് ഇയാള്‍ പടുത്തുയര്‍ത്തുന്നത്.
ബത്തേരി ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും ജീവിതം നയിച്ചിരുന്ന ഷൈബിന്‍ ഇരുട്ടി വെളുക്കുന്ന സമയംകൊണ്ടാണ് കോടീശ്വരനായി മാറിയത്. പാവപ്പെട്ട കുടുംബാംഗമായ ഷൈബിന്റെ പൊടുന്നനെയുള്ള സാമ്പത്തികവളര്‍ച്ചയും കച്ചവടവുമെല്ലാം അടിമുടി ദുരൂഹതനിറഞ്ഞതാണ്.ഒരു പതിറ്റാണ്ടുമുമ്പ് സാധാരണ തൊഴിലാളിയായി ഗള്‍ഫിലേക്കുപോയ ഷൈബിന്‍ കോടീശ്വരനായാണ് മടങ്ങിയെത്തുന്നത്. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്നാണ് ഷൈബിന്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
ഗള്‍ഫില്‍ നിന്നുമെത്തിയ ഷൈബിന്‍ പുത്തന്‍കുന്നില്‍ 70 സെന്റ് ഭൂമി വാങ്ങി കൊട്ടാരസദൃശമായ ഒരു മന്ദിരമാണ് നിര്‍മ്മിക്കുന്നത്. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീര്‍ണമുള്ള ഈ വീടിന്റെ നിര്‍മാണം പത്തുവര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികള്‍ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിട്ടുണ്ട്. കോടീശ്വരനായി തിരിച്ചെത്തിയ ഷൈബിനൊപ്പം ഒരു ഗ്യാങ് തന്നെ ഉണ്ടായിരുന്നു. ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് സമീപ വാസികള്‍ക്ക് വ്യക്തമായ ധാരണ ഇല്ല . ഷൈബിന്റെ പുത്തന്‍കുന്നിലെ പണി നടക്കുന്ന വീട്ടില്‍ ഏഴോളം ആഢംബര വാഹനങ്ങളും ഉണ്ട്. ഷൈബിനൊപ്പം എന്നുമുണ്ടായിരുന്നവരാണ് അടുത്ത കാലത്തായി തെറ്റി പിരിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഷൈബിന്റെ നിലമ്പൂരിലെ വീട്ടില്‍ നിന്നും ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും പണവും കവര്‍ച്ച ചെയ്യപ്പെട്ടതും പിന്നീട് ഒറ്റമൂലി വൈദ്യന്റെ കൊലപാതകമടക്കമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.