വന മേഖലയില്‍ വിദ്യാര്‍ത്ഥിനിക്ക് ബോധക്ഷയം രക്ഷകരായി തിരുനെല്ലി പോലീസ്

0

 

വിനോദ യാത്രയ്ക്കിടെ അര്‍ധരാത്രിയില്‍ വനമേഖലയില്‍ വെച്ച് ബസിനുള്ളില്‍ ബോധക്ഷയം സംഭവിച്ച് അവശനിലയിലായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സാ സൗകര്യമൊരുക്കിയ തിരുനെല്ലി പോലീസ് മാതൃകയായി.സി.പി.ഒ മാരായ മിഥുനും റെജിനുമാണ് വിനോദ യാത്രയ്ക്കിടയില്‍ ബോധക്ഷയമുണ്ടായ വിദ്യാര്‍ത്ഥിനിക്ക് രക്ഷകരായത്. പോലീസിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും നന്ദിയര്‍പ്പിച്ച് വിനോദയാത്രാ സംഘം.ആലപ്പുഴ ആര്യാട് ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് തിരുനെല്ലി സ്റ്റേഷനിലെ സി പി ഒ മാരായ മിഥുനും, റെജിനും തക്ക സമയത്തുള്ള ഇടപെടല്‍ നടത്തി ചികിത്സാ സൗകര്യം നല്‍കിയത്.

നൈറ്റ് പട്രോളിംഗിനിടെ രാത്രി ഒന്നരയ്ക്കാണ് ഇരുവരും തീര്‍ത്തും അവശയായിരുന്ന കുട്ടിയെ പോലീസ് ജീപ്പില്‍ എടുത്ത് കയറ്റി വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. അടിയന്തര ചികിത്സ ലഭിച്ചതിനാല്‍ കുട്ടി അപകടനില തരണം ചെയ്യുകയും ചെയ്തു.കര്‍ണ്ണാടക കുടകില്‍ നിന്നും തിരികെ ആലപ്പുഴയിലേക്ക് വരുന്ന വഴിക്ക് കാട്ടിക്കുളം എത്തുന്ന മുമ്പേ വനമേഖലയില്‍ വെച്ചാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 42 വിദ്യാര്‍ത്ഥിനികളടക്കം അന്‍പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. സ്ഥലപരിചയമില്ലാത്തതിനാലും വനമേഖല ആയതിനാലും ഏവരും ഭയന്നിരിക്കുന്ന സമയത്താണ് നൈറ്റ് പെട്രോളിംഗിനിടെ മിഥുനും, റെജിനും അവിടെയെത്തുന്നത്.

തുടര്‍ന്ന് അധ്യാപകരോട് കാര്യങ്ങള്‍ ആരാഞ്ഞ ശേഷം ഇരുവരും മറ്റൊന്നുമാലോചിക്കാതെ കുട്ടിയെ എടുത്ത് ജീപ്പില്‍ കയറ്റി ടീച്ചര്‍മാര്‍ സഹിതം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കുതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണുണ്ടായതെന്നും അധ്യാപകര്‍ പറയുന്നു. കുട്ടിയെ വിശദമായി പരിശോദിച്ച ശേഷം ചികിത്സ നല്‍കുകയും ഒന്നര മണിക്കൂറോളം നിരീക്ഷണത്തില്‍ വെക്കുകയും ചെയ്തു. അതിന് ശേഷം ആരോഗ്യസ്ഥിതി സാധാരണ ഗതിയിലായപ്പോഴാണ് ആശുപത്രിയില്‍ നിന്നും വിട്ടത്. അതുവരെ ഉറ്റ ബന്ധുക്കളെ പോലെ മിഥുനും, റെജിനും കൂടെ തന്നെ ചിലവഴിച്ചു. ഒടുവില്‍ അവരെ സുരക്ഷിതമായി യാത്രയാക്കിയ ശേഷമാണ് ഇരുവരും സ്റ്റേഷനിലേക്ക് മടങ്ങിയത്.

സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ തങ്ങളുടെ ഡ്യൂട്ടി ചെയ്തു, മറിച്ചൊന്നും തോന്നുന്നില്ലെന്നും, പെട്ടെന്ന് തന്നെ ജീപ്പില്‍ കയറ്റി കൊണ്ടുപോകാന്‍ തോന്നിച്ചത് ഏറെ ഗുണകരമായെന്നുമാണ് മിഥുനും, റെജിനും പറഞ്ഞത്. സംഭവം സംബന്ധിച്ച് കോളേജ് അധികൃതര്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പും പങ്കുവെച്ചു.കേരളാ പോലീസിന് നന്ദി, കോളേജ് ടൂറിന് പോയി മടങ്ങും വഴി രാത്രി 1.30 ന് വയനാട് കാട്ടിക്കുളം വനത്തില്‍ വച്ച് യാത്രാമധ്യേ കൂടെ വന്ന വിദ്യാര്‍ത്ഥിനിക്ക് ബോധക്ഷയം ഉണ്ടായി. മാനന്തവാടി യ്ക്ക് അടുത്താണ് സംഭവം. അതു വഴി പോയ പോലീസിന്റെ അടിയന്തിര ഇടപെടല്‍ മൂലം മാനന്തവാടി മെഡിക്കല്‍ കോളേജ് ല്‍ എത്തിക്കുകയും കുട്ടി, അപകട നില തരണം ചെയ്യുകയും ചെയ്തു : സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്രീ മിഥുന്‍ നും റെജിനും ഞങ്ങളെ ഈ അടിയന്തിര സാഹചര്യത്തില്‍ സഹായിച്ചതില്‍ , ഒപ്പം മാനന്തവാടി ഗവ: മെഡിക്കല്‍ കോളേജ് ഡോ ജസീന ഉള്‍പ്പടെയുള്ള ഡോക്ടേഴ്‌സിനും ആലപ്പുഴ ആര്യാട് ആഋറ കോളേജിന്റെ നന്ദിയെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!