ബത്തേരി കൈപ്പഞ്ചേരിയിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ഇതിന് സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും യുഡിഎഫ് ആരോപിച്ചു.അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്നും യുഡിഎഫിന്റെ മുന്നറിയിപ്പ്.കഴിഞ്ഞ ദിവസമാണ് ബത്തേരി കൈപ്പഞ്ചേരിയിലെ വീട്ടുപറമ്പില്‍ നിന്നും ജലാറ്റിന്‍സ്റ്റിക്കുകളും ഫ്യൂസ് വയറും കണ്ടെടുത്തത്.
കഴിഞ്ഞദിവസം ബത്തേരി കൈപ്പഞ്ചേരിയിലെ വീട്ടുപറമ്പില്‍ നിന്നും ജലാറ്റിന്‍സ്റ്റിക്കുകളും ഫ്യൂസ് വയറും കണ്ടെടുത്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫ് രംഗ്ത്തെത്തിയിരിക്കുന്നത്. നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതരത്തിലുള്ള പ്രവര്‍ത്തനമാണ് ബത്തേരിയിലും കൈപ്പഞ്ചേരിയിലും നടക്കുന്നതെന്നും ഇതിനു സിപിഎം നേതൃത്വത്തിന്റെ പിന്തുണയുണ്ടന്നും നേതാക്കള്‍ ആരോപിച്ചു. സ്ഫോടക വസ്തുക്കളുമായി പിടിയിലായ പ്രതികളുമായി ബത്തേരിയിലെ സിപിഎം നേതൃത്വത്തിന് അടുത്ത ബന്ധമുണ്ടന്നും നേതാക്കള്‍ ആരോപിച്ചു. കേസ് അന്വേഷണം ശരിയായ ദിശയില്‍ ആണെങ്കില്‍ പല ഉന്നതരും കുടുങ്ങുമെന്നും അതിനാല്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുകയാണന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസില്‍ പിടിയിലായവരും പ്രദേശിക സിപിഎം നേതൃത്വവും മ്ണ്ണ് മാഫിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇതിനെ ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപെടുത്തുകയാണ് ചെയ്യുന്നതെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടന്നില്ലങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരുമെന്നും നേതാക്കളായ പി.പി.അയൂബ്,സതീഷ് പുതിക്കാട്, ഷബീര്‍ അഹമ്മദ്, കെ.നൂറുദ്ദീന്‍, സണ്ണി നെടുങ്കല്ലേല്‍ എന്നിവര്‍ അറിയിച്ചു.