പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ലക്കിടിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെയും ഒപ്പമെത്തിയ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ 20 വയസുകാരിയെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിക്കാണ് മുഖത്ത് സാരമായി പരിക്കേറ്റത്.
സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ നിന്നിറങ്ങിയ പുല്‍പ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ പ്രതി ദീപു കത്തി കൊണ്ട് മുഖത്ത് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്നാണ് വിവരം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് ദീപു പോലീസിനോട് പറഞ്ഞു. സുഹൃത്തിനൊപ്പം ദീപു ബൈക്കിലാണ് കോളേജ് പരിസരത്ത് എത്തിയത്.
കോളേജിന് സമീപത്തെ റോഡില്‍ വെച്ചായിരുന്നു ആക്രമണം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈത്തിരി പോലീസ് ദീപുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈ ഞരമ്പിന് മുറിവേറ്റ പ്രതിയെ പ്രാഥമിക ചികിത്സ നല്‍കി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ദീപുവിനൊപ്പമെത്തിയ സുഹൃത്തിനെ അടിവാരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിന് കേസെടുത്ത ദീപുവിനെ നാളെ തെളിവെടുപ്പിന് കൊണ്ടു പോകും.