തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മല്ലികപ്പാറ കോളനി നിവാസികളുടെ പുനരധിവാസ പ്രശ്നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് പടിക്കല്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. കിടപ്പാടമില്ലാതെ പെരുവഴിയിലായ കാട്ടുനായ്ക്ക വിഭാഗത്തിലെ ഒമ്പത് കുടുംബങ്ങളാണ് തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ അന്തിയുറങ്ങുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കോളനി നിവാസികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.പലതവണ വീടിനും സ്ഥലത്തിനുമായി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്നാണ് മറ്റ് മാര്‍ഗമില്ലാതെ ഇവര്‍ സമരത്തിനൊരുങ്ങുന്നത്.
മല്ലികപ്പാറ കോളനിയില്‍ ഒരു നൂറ്റാണ്ടോളം താമസിച്ചു വരികയായിരുന്ന കുടുംബങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് പുറമേ കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റുകാര്‍ തടയുകയും ചെയ്തതോടെ പട്ടയമടങ്ങുന്ന രേഖകള്‍ ഉണ്ടായിരുന്ന വീടും സ്ഥലവും ഉപേക്ഷിച്ച് പോന്നിട്ട് പത്ത് വര്‍ഷത്തോളമായി. ഈ കുടുംബങ്ങള്‍ നിലവില്‍ പയ്യമ്പള്ളി, തൃശ്ശിലേരി, കോണിവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകക്കാണ് താമസിക്കുന്നത്.
തങ്ങള്‍ക്ക് കിടപ്പാടം വേണമെന്ന ആവശ്യവുമായി കൈക്കുഞ്ഞുങ്ങളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്ത്, ട്രൈബല്‍ ഓഫീസ്, വനംവകുപ്പ്, കലക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം പരാതിയും അപേക്ഷകളുമായി പോയിരുന്നു. വീടിനായി സ്ഥലം അനുവദിച്ചെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും കുടുംബങ്ങള്‍ പരാതി പറഞ്ഞു. ആറ് കുടുംബങ്ങള്‍ക്ക് 2019ല്‍ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെന്ന് ട്രൈബല്‍ ഓഫീസില്‍ നിന്നും പറഞ്ഞിരുന്നു.
എന്നാല്‍ നാളിതുവരെയായിട്ടും വീടോ സ്ഥലമോ ലഭ്യമാക്കിയിട്ടില്ല. പരാതി പറയാന്‍ മൂന്ന് തവണ കൈക്കുഞ്ഞുമായി കലക്ടറേറ്റിലെത്തിയ തന്നെ കാണാന്‍ പോലും ജില്ലാ കലക്ടര്‍ തയ്യാറായില്ലെന്നും രണ്ടര വയസ്സുള്ള കുഞ്ഞുമായി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കലക്ടറേറ്റിന് മുന്നില്‍ കാത്തിരുന്നെന്നും കോളനി നിവാസിയായ ഗൗരി പറഞ്ഞു.
സ്ഥിരമായി ജോലി പോലും ഇല്ലാത്തതിനാല്‍ വാടക പോലും നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണ്. അന്തിയുറങ്ങാനും കൃഷി ചെയ്ത് ജീവിക്കാനും ഒരു തുണ്ട് ഭൂമി തരാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ഇത്തരം സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും കോളനി നിവാസികളായ ദാസന്‍, ബിന്ദു, അഭിരാം എന്നിവര്‍ പറഞ്ഞു.