മണ്ണിടിച്ചില്‍ ഭീഷണി;മലമുകളിലെ വെള്ളം ഒഴുക്കികളഞ്ഞ് എന്‍.ഡി.ആര്‍.എഫ്
പൊഴുതന പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുറിച്യാര്‍ മലയുടെ മുകള്‍ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി കളഞ്ഞു.ദേശീയ ദുരന്ത പ്രതികരണ സേന, ഫോറസ്റ്റ്, പോലീസ് അധികൃതരും ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്നുള്ള കൂട്ടായ പരിശ്രമത്തിനൊടുവിലാണ് തടാകത്തിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി കളയാന്‍ സാധിച്ചത്. മലയുടെ മുകള്‍ ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്ന പ്രദേശവാസികളുടെ ആശങ്കയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. 2018 ലും 2019 ലും കുറിച്യാര്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ജൂണ്‍ ആദ്യ വാരം മലയുടെ ഒരു ഭാഗത്ത് മണ്ണിടിച്ചിലും സംഭവിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തടാകത്തിലെ വെളളം ഒഴുക്കി കളയാന്‍ തീരുമാനിച്ചത്. രാവിലെ 7 മണിേയോടെ ആരംഭിച്ച പ്രവൃത്തി ഉച്ചയോടെ പൂര്‍ത്തിയാക്കി. പ്രവര്‍ത്തനങ്ങള്‍ക്ക് ടീം കമാന്‍ഡര്‍ കെ.കെ പെരേവ, പി. ശിവകൃഷ്ണ, എം.കെ അഖില്‍, വാര്‍ഡ് മെമ്പര്‍ ജുമൈലത്ത് ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.