കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നു മുതൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളിൽ ഇതു തുടരും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കൻ കേരളത്തിൽ ഈ ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയില്ല.
സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകൽ ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെൽഷ്യസ്. തൃശൂർ വെള്ളാനിക്കരയാണ് തൊട്ടടുത്ത്. 38.6 ഡിഗ്രി സെൽഷ്യസ്. മറ്റു ജില്ലകളിൽ 35നും 38 ഡിഗ്രി സെൽഷ്യസിനുമിടയിലാണ് ഉയർന്ന താപനില.