കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം ചെയ്തു

0

കോട്ടത്തറ പഞ്ചായത്തിലെ കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം  നാടിനു സമര്‍പ്പിച്ചു. പുഴക്കലിടം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതി    അഡ്വ.ടി സിദ്ദിഖ്  എം. എല്‍. എ    ഉദ്ഘാടനം ചെയ്തു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു.   മൈനര്‍ ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ എം.കെ മനോജ്   റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍  കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് ,   ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍. ഗ്രാമ പഞ്ചായത്ത്  വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ്, ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ വസന്ത ഇ.കെ, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ അനുപമ വിപിന്‍, സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അനിത പി.ഡി, പടശേഖര സമിതി പ്രസിഡന്റ് എം.സി കേളു, പാടശേഖര സമിതി സെക്രട്ടറി പി.എ മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു.

1.93 കോടി രൂപ ചെലവിട്ടാണ് കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. വൈത്തിരി പുഴയില്‍ നിന്നും വെളളം പമ്പ് ചെയ്യുന്നതിനായി ഇരുനിലകളുള്ള പമ്പ് ഹൗസാണ്  പദ്ധതിക്കായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. 75 എച്ച് പിയുടെ 3 മോട്ടോറുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയരുന്ന മുറക്ക് സുരക്ഷിതമായി മോട്ടോര്‍ വയ്ക്കുന്നതിനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. 40 മീറ്റര്‍ നീളത്തില്‍ പാര്‍ശ്വസംരക്ഷണ ഭിത്തിയും, പമ്പ് ഹൗസില്‍ നിന്നും പാടശേഖരത്തിലേക്ക് ജലം എത്തിക്കുന്നതിനായി 400 മീല്ലീ മീറ്റര്‍ വ്യാസവും 820 മീറ്റര്‍ നീളവുമുള്ള പൈപ്പ് ലൈനും 625 മീറ്റര്‍ കോണ്‍ക്രീറ്റ് കനാലും  നിര്‍മിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് വേണ്ടത്ര വെളളം ലഭ്യമല്ലാതിരുന്നതിനാല്‍ നഞ്ചകൃഷി മാത്രമാണ് പ്രദേശത്തെ പാടശേഖരങ്ങളില്‍ ചെയ്തിരുന്നത്. പാടശേഖരങ്ങളിലേക്ക് ഇനി യഥേഷ്ടം വെള്ളം എത്തുന്നതോടെ ഇരുപ്പ് കൃഷിയും മറ്റ് കൃഷികളും ചെയ്യാനുളള ഒരുക്കത്തിലാണ് പുഴക്കലിടത്തെ  കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!