വള്ളം കളി ആവേശത്തിലേക്ക് തുഴയെറിയാൻ കേരളം; നെഹ്റു ട്രോഫി ഇന്ന്

0

 ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിലേക്ക്. ആലപ്പുഴ പുന്നമട കായലിൽ 68ാം നെഹ്റു ട്രോഫി വള്ളം കളി ഇന്ന് അരങ്ങേറും. ഇന്ന് രാവിലെ 11ന് ഹീറ്റ്സ് നടക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നിനു മത്സരം പുനരാരംഭിക്കും. വൈകീട്ട് അഞ്ചിനാണ് ഫൈനൽ.

20 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 79 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. രണ്ട് ചുണ്ടൻ വള്ളങ്ങൾ പിന്മാറി. 77 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.

നാല് ട്രാക്കുകൾ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ നടക്കുക. ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിൽ മത്സരിക്കും. ആകെ ഒൻപത് വിഭാഗങ്ങളിലാണ് മത്സരം. ഫൈനലിൽ വിജയിക്കുന്ന ചുണ്ടൻ വള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക.

മന്ത്രിമാരായ കെഎൻ ബാലഗോപാൽ, കെ രാജൻ, കെ പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

വള്ളംകളി ഗാലറികളുടെ ടിക്കറ്റ് വിൽപന നേരത്തേ തുടങ്ങിയിരുന്നു. ഓൺലൈനായും സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ജീനി, പേ ടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. 100 മുതൽ 3000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.

ബജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുന്നമടയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്ന് ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്റു ട്രോഫിയുടെ 500,1000 രൂപ നിരക്കിലുളള സിൽവർ, ഗോൾഡ് കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക്  വളളംകളി കാണാൻ പാസ് എടുക്കാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തിക്കുന്നുണ്ട്. 98464 75874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേർക്ക് എന്ന വിവരം വാട്സാപ് സന്ദേശം അയച്ച് ഓൺലൈനായി പണമടച്ചാൽ ടിക്കറ്റ് ലഭ്യമാകും.

​ഗതാ​ഗത നിയന്ത്രണം

ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജനറൽ ആശുപത്രി ജംങ്ഷന്റെ വടക്കു വശം മുതൽ കൈചൂണ്ടി ജംങ്ഷൻ, കൊമ്മാടി ജംങ്ഷൻ വരെ റോഡരികിൽ പാർക്കിങ് അനുവദിക്കില്ല. ജില്ലാ കോടതി നോർത്ത് ജംങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംങ്ഷൻ വരെയുള്ള റോഡുകളിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ ഒഴികെയുള്ള വാഹനങ്ങളെ വൈഎംസിഎ സൗത്ത് ജംങ്ഷനിൽ നിന്ന് കിഴക്കോട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സ്റ്റേഷൻ വരെ അനുവദിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!