വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല- ഹൈക്കോടതി

0

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്റെ പേരില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും ചേര്‍ക്കാനുമാണ് അഡ്മിന് സാധിക്കുന്നത്. ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ഇടുന്ന പോസ്റ്റില്‍ അഡ്മിന് നിയന്ത്രണം ഇല്ല, അത് സെന്‍സര്‍ ചെയ്യാനും സാധിക്കില്ല. അതിനാല്‍ തന്നെ ഗ്രൂപ്പില്‍ വരുന്ന മോശമോ, അപകടകരമായ കണ്ടന്റില്‍ അഡ്മിന് പങ്കില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറയുന്നു.

ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ ചേര്‍ത്തല സ്വദേശി മാനുവലിന്റെ പേരില്‍ എറണാകുളം കോടതിയിലുള്ള പോക്‌സോ കേസ് കോടതി റദ്ദാക്കി. ഫ്രണ്ട്‌സ് എന്ന പേരുള്ള ഗ്രൂപ്പ് ഉണ്ടാക്കി അതിന്റെ അഡ്മിന്‍ ആയിരുന്നു മാനുവല്‍. തന്റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ഈ ഗ്രൂപ്പില്‍ ചേര്‍ത്തു. ഒരാളെ ഗ്രൂപ്പ് അഡ്മിനാക്കി. ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയും അത് കേസ് ആകുകയുമായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിചേര്‍ത്ത പൊലീസ്, അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ മാനുവലിനെയും പ്രതി ചേര്‍ത്തു. ഇതിനെതിരെയാണ് കേസ് റദ്ദാക്കാന്‍ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് ബോംബൈ, ദില്ലി ഹൈക്കോടതി വിധികള്‍ ഉണ്ടെന്ന് ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം തന്നെ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെതിരെ വ്യക്തമായ ആരോപണം ഒന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

നേരത്തെ ഇത്തരത്തില്‍ സമാനമായ കേസില്‍ മദ്രാസ് ഹൈക്കോടതിയും വിധി പറഞ്ഞിരുന്നു.  ഒരു വാട്ട്‌സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്റെ പേരില്‍ എടുത്ത കേസിന്റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും വാട്ട്‌സ്ആപ്പ് അഡ്മിനെ ഒഴിവാക്കിയ ഉത്തരവിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഇത്തരം ഒരു നിരീക്ഷണം നടത്തിയത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരൂര്‍ ലോയേര്‍സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാണ് അയാള്‍ക്കെതിരെ റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രൂപ്പില്‍ അംഗമായ മറ്റൊരു വക്കീല്‍ നല്‍കിയ പരാതിയിലാണ് ഗ്രൂപ്പ് അഡ്മിനെതിരെയും പോസ്റ്റ് ഗ്രൂപ്പില്‍ ഇട്ടയാള്‍ക്കെതിരെയും പൊലീസ് കേസ് എടുത്ത് എഫ്‌ഐആര്‍ ഇട്ടത്.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ വളര്‍ത്തുന്ന സംഭാഷണം നടത്തി എന്നതിന് സെക്ഷന്‍ 153 എ, പൊതുസ്ഥലത്തെ സഭ്യമല്ലാത്ത സംസാരത്തിന് 294 ബി എന്നീ ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരുന്നത്. ഇതിനെതിരെയാണ് ഗ്രൂപ്പ് അഡ്മിന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2021ലെ കിഷോര്‍ വെര്‍സസ് മഹാരാഷ്ട്രസര്‍ക്കാര്‍ കേസ് ഉദ്ധരിച്ചാണ് എഫ്‌ഐആറില്‍ നിന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ മദ്രാസ് ഹൈക്കോടതി ഒഴിവാക്കിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരാള്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്യുമെന്ന് നേരത്തെ അറിവോ, അതിന് സമ്മതം നല്‍കുന്ന ഇടപെടലോ അഡ്മിന്റെ ഭാഗത്ത് നിന്നും ഇല്ലായെന്ന് വ്യക്തമാണെന്നും. അതിനാല്‍ അഡ്മിന് ഈ പ്രവര്‍ത്തിയില്‍ ഉത്തരവാദിത്വം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!