ടിപിആര്‍ കുറയുന്നു, രോഗബാധയുടെ വളര്‍ച്ചാനിരക്ക് കുറയുന്നതില്‍ ആശ്വാസമെന്ന് മുഖ്യമന്ത്രി

0

ഐസിഎംആറിന്റെ സീറോ പ്രിവൈലന്‍സ് പഠനത്തിലെ കണ്ടെത്തല്‍ പ്രകാരം ഒന്നാം വ്യാപന കാലത്ത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറവായിരുന്നു. ഡെല്‍റ്റ വകഭേദം ആഞ്ഞടിച്ചപ്പോള്‍ കേരളത്തില്‍ ഏറ്റവും പെട്ടെന്ന് രോഗം വ്യാപിച്ച് വലിയ നാശം വിതയ്ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലം നമ്മുടെ നാടായി. മരണ നിരക്ക് വലിയ തോതില്‍ ഉയര്‍ത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയില്‍ പ്രതിരോധിച്ചു. രോഗികളുടെ എണ്ണം രണ്ടാം തരംഗത്തില്‍ കൂടിയെങ്കിലും നിയന്ത്രണങ്ങളെ മറികടന്ന് പോയില്ല. രോഗികള്‍ക്ക് എല്ലാവര്‍ക്കും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാനായി

മരിച്ചവരുടെ എണ്ണത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടായി. മരണനിരക്ക് ഉയരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. മരിച്ചവരില്‍ 95 ശതമാനവും വാക്‌സീന്‍ കിട്ടാത്തവരാണ്. സെപ്തംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാനാണ് ശ്രമം. 2.23 കോടി പേര്‍ ഒരു ഡോസ് വാക്‌സീന്‍ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീനും കിട്ടി. ഡെല്‍റ്റ വൈറസിന് വാക്‌സീന്റെ പ്രതിരോധം ഭേദിക്കാന്‍ ചെറിയ തോതില്‍ കഴിയും. എന്നാല്‍ വാക്‌സീനെടുത്തവരില്‍ രോഗം ഗുരുതരമാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണ്.

സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ട്. വ്യവസായ – വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സീനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുന്‍പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്‌സീനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതും എടുക്കണം. വിദ്യാര്‍ത്ഥികള്‍ വാക്‌സീന് ആശാവര്‍ക്കറെ ബന്ധപ്പെടണം.

സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സീനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കി വാക്‌സീനേഷന്‍ ക്യാംപ് നടത്തും. ആരും വാക്‌സീനെടുക്കാതെ മാറിനടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുന്‍കരുതല്‍ പാലിച്ച് സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണം. എന്നാലേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാനാവൂ.

വാക്‌സീനേഷന്‍ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഏഴ് ലക്ഷം വാക്‌സീന്‍ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീര്‍ക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേര്‍ക്ക് ഒരു ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സീന്‍ 80 ശതമാനം പൂര്‍ത്തിയാവുകയാണ്. ആര്‍ടിപിസിആര്‍ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തില്‍ ആന്റിജന്‍ നടത്തും.

ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കും. നിലവിലിത് ഏഴാണ്. ക്വാറന്റീന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ അയക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. രോഗികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ ക്വാറന്റീന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.

മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാക്കി. അത് കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്‌സീന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കും. പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെ പരിശോധന നടത്തും. നേരത്തെ വളണ്ടിയര്‍മാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം.

സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ഈ ഘട്ടത്തില്‍ തന്നെ വാക്‌സീന്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സീന്‍ നല്‍കാന്‍ 20 ലക്ഷം ഡോസ് വാക്‌സീന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങി വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ 10 ലക്ഷം ഡോസ് വാങ്ങി സംഭരിച്ചു. ആ വിതരണം നടക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കുള്ള വാക്‌സീന്‍ നല്‍കാനാണ് കളക്ടര്‍മാര്‍ ശ്രദ്ധിക്കുക. രോഗനിയന്ത്രണത്തിന് കേസ് കണ്ടെത്തല്‍ പ്രധാനം. സംസ്ഥാനം ഉചിതമായ അളവില്‍ പരിശോധന നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!