ജില്ലയിലും ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
സംസ്ഥാന അനുപാതത്തിനനുസൃതമായി വയനാട് ജില്ലയിലും ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.ജില്ലയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തെ സംബന്ധിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ജില്ലയില്‍ പ്രതിവര്‍ഷം തുടര്‍ ചികിത്സയിലുള്ള ക്യാന്‍സര്‍ രോഗികളുടെ എണ്ണം 1100-1200 നും ഇടയിലാണ്.
ഇതിന് പുറമേ പ്രതിമാസം ശരാശരി 20 മുതല്‍ 30 വരെ ക്യാന്‍സര്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഗോത്രവര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും മറ്റും ക്യാന്‍സര്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നിലവില്‍ ചികിത്സയിലുള്ളതുമായ 2821ക്യാന്‍സര്‍ രോഗികള്‍ ജില്ലയിലുള്ളത്.ജില്ലയില്‍ ക്യാന്‍സര്‍ രോനിര്‍ണയ ക്യാമ്പുകള്‍ കൂടുതല്‍ നടത്തുന്നതിനാല്‍ പ്രാരംഭഘട്ടത്തില്‍തന്നെ രോഗം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.
സംസ്ഥാനതലത്തില്‍ ഐസിഎംആര്‍ന്റെ കീഴില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എച്ച്.ബി.സിആര്‍(ഹോസ്പിറ്റല്‍ ബേസ്ഡ് ക്യാന്‍സര്‍ രെജിസ്ട്രി)യും ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ച് പഠനം നടത്തിവരുന്നുണ്ട്. ഈ പഠനം പ്രകാരം പുരുഷന്‍മാരില്‍ 23 ശതമാനം പേര്‍ക്ക് ശ്വാസകോശാര്‍ബുദവും, 20 ശതമാനം പേര്‍ക്ക് ഹെഡ് & നെക്ക് ക്യാന്‍സറും,സ്ത്രീകളില്‍ 35 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 19 % ഗര്‍ഭാശയ അര്‍ബുദം, 10 % ഉദരസംബന്ധമായ ക്യാന്‍സറുമാണ് കണ്ടുവരുന്നത്. ക്യാന്‍സര്‍ രോഗചികിത്സക്കായി സംസ്ഥാനത്ത് 24 ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാര്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള പ്രാഥമിക ക്യാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിമായി ബയോപ്സി, മാമോഗ്രാമി തുടങ്ങിയ സൗകര്യങ്ങളും വിവിധ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്.