കല്‍പ്പറ്റ കൈനാട്ടിയില്‍ ട്രാഫിക് ഐലന്‍ഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അടുത്ത ആഴ്ച മുതല്‍ സീബ്ര ലൈന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ട്രാഫിക് ഐലന്‍ഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കല്‍പ്പറ്റ ദേശീയപാതയില്‍ നിന്നും മാനന്തവാടി, ബത്തേരി ഭാഗങ്ങളിലുള്ള ഗതാഗതക്കുരുക്കും പൂര്‍ണ്ണമായും ഒഴിവാകും.കേരള റോഡ് സേഫ്റ്റി അനുവദിച്ച 1.29 കോടി രൂപ ചെലവിട്ടാണു പൊതുമരാമത്ത് ദേശീയപാത വിഭാഗം നവീകരണം നടത്തുന്നത്.
മാനന്തവാടി ഭാഗത്തേക്കും ബത്തേരി ഭാഗത്തേക്ക് പോകുന്ന കൈനാട്ടി ട്രാഫിക് ജംഗ്ഷനിലാണ് ട്രാഫിക് ഐലന്‍ഡ് ആരംഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ റോഡിന് വീതി കൂട്ടി നടപ്പാത നിര്‍മ്മിക്കുകയും റോഡിന്റെ ഉയരം കൂട്ടിക്കൊണ്ട് ടാറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വരുന്ന ആഴ്ചയില്‍ സീബാ ക്രോസിംഗ് ഉള്‍പ്പെടെ സിഗ്‌നല്‍ ലൈറ്റുകളും ട്രാഫിക് ഉപകരണങ്ങളും ഇവിടെ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി ഭാഗത്തേക്കും ബത്തേരി ഭാഗത്തേക്കും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. രാവിലെ 9 മണി മുതല്‍ 11 മണി വരെയും വൈകിട്ടു 3.30 മണി മുതല്‍ 7 മണി വരെയും ഇവിടെ ഗതാഗതം മുടങ്ങുന്നതും പതിവാണ്.ജംഗ്ഷന് സമീപത്തെ ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളും ജീവന്‍ പണയം വെച്ചാണ് റോഡ് മുറിച്ചു കടന്നത്.ഗതാഗത നിയന്ത്രണത്തിനു ട്രാഫിക്‌സിഗ്‌നല്‍ സംവിധാനം അടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതൊടെ ഗതാഗതക്കുരുക്കഴിക്കാനാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാരുമുള്ളത്.