കോവിഡ് അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിര്‍ണായകം

0

 

സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനമാണെന്നും അടുത്ത 3 ആഴ്ച നിര്‍ണായകമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായേക്കാം. ഫെബ്രുവരി 15ന് അകം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും തുടര്‍ന്നു കുറയുകയും ചെയ്യുമെന്നാണു പ്രതീക്ഷ.

ഒമിക്രോണാണ് മൂന്നാം തരംഗത്തില്‍ വ്യാപനം കൂട്ടുന്നത്. ഡെല്‍റ്റയെക്കാള്‍ 6 ഇരട്ടിയാണു വ്യാപനശേഷി. ഒമിക്രോണ്‍ പരിശോധനക്കിറ്റുകള്‍ വാങ്ങാന്‍ നടപടി ആരംഭിച്ചു. ഒമിക്രോണിന് ഗുരുതരാവസ്ഥ താരതമ്യേന കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ഐസിയുവിലും വെന്റിലേറ്ററിലും രോഗികള്‍ വര്‍ധിക്കാം. സംസ്ഥാനത്തു പുതിയ വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം.ഒമിക്രോണിനെ ഭയക്കേണ്ടതില്ലെന്നു സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വരും. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. ഭൂരിപക്ഷം ഒമിക്രോണ്‍ ബാധിതര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. എന്‍ 95 മാസ്‌ക്കോ ഡബിള്‍ മാസ്‌ക്കോ ആണു ധരിക്കേണ്ടത്.സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനുള്ളില്‍ 1508 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണു കോവിഡ് ബാധിച്ചത്. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകള്‍ പാടില്ല. എല്ലാവരും കരുതല്‍ ഡോസ് വാക്സീന്‍ സ്വീകരിക്കണം. ആശുപത്രി സന്ദര്‍ശനം പരമാവധി കുറയ്ക്കണം. രോഗികളുടെ കൂടെ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തരുത്.സര്‍ക്കാര്‍ മേഖലയില്‍ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളും സ്വകാര്യ മേഖലയില്‍ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. 8353 ഓക്സിജന്‍ കിടക്കകളും സജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ക്ഷാമമില്ല മന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!