കാത്തിരിപ്പുകള്‍ക്ക് വിരാമം വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

0

സൗദി ദാമാമിനടുത്തു സഫ്‌വയില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വയനാട് മീനങ്ങാടി സ്വദേശി വിഷ്ണു കണ്ണന്റെ (22) മൃതദേഹം നാട്ടിലെത്തിച്ചു. മരണത്തില്‍ ദുരൂഹത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം ഇന്ന് രാവിലെ 8 മണിയോടെയാണ് കരിപ്പൂരെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15 നാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തെ കുറിച്ച് വിദഗ്ധമായ അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കളും സുഹൃത്തുക്കളും മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ വകുപ്പ്, നോര്‍ക്ക, ഇന്ത്യന്‍ എംബസി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയ അധികാര കേന്ദ്രങ്ങളില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് റിയാദ് ഇന്ത്യന്‍ എംബസി വിശദമായ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സൗദി അധികൃതര്‍ക്ക് കത്തയക്കുകയും പോലീസ് വിശദമായ അന്വേഷണം നട ത്തുകയും ചെയ്തു. വിഷ്ണു സുഹൃത്തുക്കള്‍ക്കയച്ച ശബ്ദ സന്ദേശത്തില്‍ തൊഴിലുടമക്കെതിരെ ആരോപണമുന്നയിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ല.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് ഇന്ത്യന്‍ എംബസ്സിക്ക് നല്‍കുകയും എംബസി നാട്ടിലെ ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇതോടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള സമ്മതപത്രം വീട്ടുകാര്‍ ഇന്ത്യന്‍ എംബസിയിലേക്ക് അയക്കുകയായിരുന്നു.

ഏറെ വിവാദമായ വിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണമെന്ന ആവശ്യവുമായി സൗദിയിലെ വിവിധ സന്നദ്ധ സംഘടനകളും, സാമൂഹിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
വിഷ്ണുവിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പെ അദ്ദേഹം സുഹൃത്തിനയച്ച ഓഡിയോ ക്ലിപ്പില്‍ കഫ്ത്തീരിയ ഉടമയുടെ പീഡനത്തെ കുറിച്ചും കടയുടമ പണം ആവശ്യപ്പെടുന്നതിനെ കുറിച്ചും കരഞ്ഞുകൊണ്ട് പറയുന്ന ശബ്ദ രേഖ പുറത്തു വന്നതോടെ ദമാം റഹീമ നവോദയ ഏരിയാ സെക്രട്ടറി ജയന്‍ മെഴുവേലിയടക്കമുള്ള പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മകന്റെ നിശ്ചലമായ ശരീരം ഒരു നോക്ക് കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം ഒരുങ്ങുകയായിരുന്നു. വിഷ്ണുവിന്റെ അമ്മ സുനിതയുടെ കാരച്ചാലിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!