നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

0

തദ്ദേശ തിരഞ്ഞെടുപ്പിന് നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മത്സര രംഗത്ത് ആരൊക്കെയെന്ന അന്തിമചിത്രം തെളിയും. വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമപട്ടിക തയാറാക്കും.

മത്സര രംഗത്ത് ആരൊക്കെയെന്നു വ്യക്തമാകുന്നതോടെ പ്രചാരണ രംഗം കൂടുതല്‍ സജീവമാകും. വിമതന്മാരുടേയും അപരന്മാരുടേയും ശല്യം മൂന്നു മുണണികള്‍ക്കും ആവോളമുണ്ട്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലായിരിക്കും പ്രാദേശിക നേതൃത്വങ്ങള്‍. ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന ഇടങ്ങളില്‍ ജില്ലാ സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടല്‍ ഉണ്ടായേക്കും.

പിന്‍വലിക്കാനുള്ള സമയം അവസാനിച്ചാല്‍ വരണാധികാരികള്‍ സ്ഥാനാര്‍ത്ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. പട്ടികയുടെ ഒരു കോപ്പി സ്ഥാനാര്‍ത്ഥിക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ നല്‍കും. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക. സ്ഥാനാര്‍ത്ഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാവും. ഓരോ സ്ഥാനാര്‍ത്ഥിക്കും റിട്ടേണിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.

സ്ഥാനാര്‍ഥികള്‍ക്ക് അവരെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. നാട്ടില്‍ അറിയപ്പെടുന്ന പേരോ ജോലിസംബന്ധ മായ വിശേഷണങ്ങളോ കൂട്ടിചേര്‍ക്കാന്‍ വരണാധികാരിക്ക് അപേക്ഷ നല്‍കാം.

Leave A Reply

Your email address will not be published.

error: Content is protected !!