ജില്ലയില്‍ 27,28 നും വാക്സിനേഷന്‍ ക്യാമ്പുകള്‍

0

വയനാട് ജില്ലയിലെ വാക്സിനേഷന്‍ പൂര്‍ണ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജനുവരി 27, 28 തീയതികളില്‍ വിപുലമായ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അമ്പലവയല്‍ ഒഴികെയുള്ള 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 75 ക്യാമ്പുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരണം യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യമാണ്.

15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍, രണ്ടാം ഡോസ് എടുക്കാത്തവര്‍, ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ക്യാമ്പുകളിലെത്തി വാക്സിന്‍ സ്വീകരിക്കാം. അമ്പലവയലില്‍ വാക്സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തീകരണ ഘട്ടത്തിലായതിനാല്‍ ഇവിടെ പ്രത്യേക ക്യാമ്പില്ല.

പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലെത്തിച്ച് വാക്സിനേഷന്‍ യജ്ഞം വന്‍ വിജയമാക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത അഭ്യര്‍ഥിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വാര്‍ഡ് അംഗങ്ങള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, സ്‌കൂള്‍- കോളേജ് അധ്യാപകര്‍, ആശ വാര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും കോളനികളിലുള്ളവരെ ഉള്‍പ്പെടെ വാക്സിനേഷന് എത്തിക്കാന്‍ മുന്‍കയ്യെടുക്കണം.

ആകെ 7500 ആളുകള്‍ക്കാണ് ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് എന്നിവ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കും. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിക്കാണ് യജ്ഞത്തിന്റെ ഏകോപന ചുമതല. ഇത് സംബന്ധിച്ച് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. എ.ഡി.എം ഷാജു എന്‍.ഐ, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!