കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു.കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
വിധി കേള്‍ക്കുന്നതിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാവിലെ തന്നെ കോട്ടയത്തെ വിചാരണ കോടതിയിലെത്തി. പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ പ്രവേശിച്ചത്. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി, കോടതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചശേഷമാണ് ജീവനക്കാരെ കോടതിയിലേക്ക് കടത്തിവിട്ടത്. ജനക്കൂട്ടം എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്ത് കോടതി വളപ്പില്‍ ബാരിക്കേഡ് കെട്ടി സുരക്ഷ വര്‍ധിപ്പിച്ചു. എഴുപതോളം പൊലീസുകാരെ കോടതിയുടെ സുരക്ഷയ്ക്കായി അധികമായി വിന്യസിച്ചിട്ടുണ്ട്. കോടതി മുറിയിലും വളപ്പിലും ബോംബ് സ്‌ക്വാഡും പരിശോധിച്ചു. കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.
ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളി. ഇതേത്തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണിച്ചില്ല.