ഇന്ത്യയെ അറിയാന്‍ സൈക്കിള്‍ യാത്രയുമായി രണ്ട് യുവാക്കള്‍. വെറും നാട് ചുറ്റല്‍ എന്നതിലുപരി നന്മയുടെ സന്ദേശം മനസ്സിലുറപ്പിച്ചാണ് ഇവരുടെ യാത്ര. പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുക, നിര്‍ധനരായ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കുക എന്നീ ഉറച്ച തീരുമാനവുമായാണ് കെ ജി നിജിനും ടി ആര്‍ റെനീഷും ഇന്ത്യയെ അറിയാനായി യാത്ര തിരിച്ചത്. വണ്‍ റൂപ്പീ കാമ്പയിനുമായി പോകുന്ന സൈക്കിള്‍ യാത്ര സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ഇന്ന് ഫ്ഫ്‌ളാഗ് ഓഫ് ചെയ്തു.
യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ കണ്ടു മുട്ടുന്ന ഓരോ ആളുകളില്‍ നിന്നും ഒരു രൂപയെങ്കിലും ശേഖരിച്ച് തങ്ങളുടെ ഉദ്യമത്തിന് വേണ്ട തുക കണ്ടെത്തുകയാണ് ഇരുവരുടെയും ലക്ഷ്യം. കോഴിക്കോട് സ്വദേശിയായ നിജിന്‍ ബത്തേരിയിലെ സ്വകാര്യ സ്‌കൂളില്‍ കായിക അധ്യാപകനാണ്. അമ്പലവയല്‍ സ്വദേശിയായ റെനീഷ് മൊബൈല്‍ ഷോപ് ജീവനക്കാരനാണ്. ആവശ്യമായ തുക സമാഹരിക്കുന്നതിനായി ഒരു വര്‍ഷമോ ചിലപ്പോള്‍ അതിലധികമോ സമയമെടുത്തേക്കാവുന്ന യാത്രയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്.
യാത്രക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൈക്കിളില്‍ ചെറിയ ഒരു പെട്ടി ഒരുക്കിയിട്ടുണ്ട്. ഈ പെട്ടിയില്‍ ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. യാത്ര തുടങ്ങുന്നതിനു മുമ്പായി സ്ഥലം വാങ്ങുന്നതിനുള്ള അഡ്വാന്‍സ് തുക സ്ഥലമുടമക്ക് നല്‍കി കഴിഞ്ഞു. അമ്പലവയല്‍ പോത്തുകെട്ടിയിലാണ് വീടുകള്‍ നിര്‍മിക്കാനുള്ള 20 സെന്റ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. യാത്ര കഴിഞ്ഞ് തിരിച്ചു വരുന്നതിന് മുമ്പായി മറ്റ് അനുബന്ധ ജോലികള്‍ തീര്‍ക്കുന്നതിനായി സുഹൃത്തുക്കളുടെ കൂട്ടായ്മ തന്നെയുണ്ട് കൂടെ. സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനായി ജില്ലാ സൈക്ലിംഗ് അസോസിയേഷനും ഒപ്പമുണ്ട്. ഇരുവരുടെയും ഉദ്ദേശ്യ ലക്ഷ്യം തിരിച്ചറിഞ്ഞ് കുറച്ച് പേര്‍ സഹായിക്കാനായി മുന്നോട്ട് വന്നിരുന്നു. യാത്രയുടെ മുന്നോടിയായി ക്യാമ്പയിന് ആദ്യ സംഭാവന പ്രസ് ക്ലബ് പ്രസിഡണ്ട് കെ സജീവന്‍ വയനാട് പ്രസ്‌ക്ലബില്‍ കൈമാറി.