എ ബി കാസ്പ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ഡിഎം വിംസ്

0

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ചികിത്സാ പദ്ധതിയില്‍ കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഡിഎം വിംസ് മെഡിക്കല്‍ കോളേജ്.ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതി ഇനി കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ലഭ്യമാകും.ഇതോടെ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി ന്യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ഗ്യാസ്‌ട്രോ സര്‍ജറി തുടങ്ങി മറ്റെല്ലാ ജനറല്‍ വിഭാഗങ്ങളിലും എ ബി കാസ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭിക്കുമെന്ന് ഡിഎം വിംസ് അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചികിത്സാരംഗത്തെ വര്‍ദ്ധിച്ചു വരുന്ന ചിലവുകള്‍ താങ്ങാന്‍ സാധാരണക്കാര്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങായിരിക്കും.
സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയില്‍ ഒന്നാണ് ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ആനുകൂല്യം ലഭിക്കാന്‍ കുറഞ്ഞത് 24മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമാണ്. ഇത് പ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചികിത്സയ്ക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ലഭിക്കുന്നതായിരിക്കും. ഈ പദ്ധതിയില്‍ മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഐസിയു ചാര്‍ജുകള്‍, ഐസിയു ചാര്‍ജ് , ഇംപ്ലന്റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടും. ജില്ലയിലെ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ഈ പദ്ധതിയില്‍ തുടക്കം മുതല്‍ തന്നെ ഡിഎം വിംസ് സൗജന്യ സേവനങ്ങള്‍ നല്‍കി തുടങ്ങിയിരുന്നെന്നും, ജനറല്‍ വിഭാഗങ്ങളായ ഗൈനക്കോളജി, അസ്ഥിരോഗം ,ജനറല്‍ മെഡിസിന്‍ ,ജനറല്‍ സര്‍ജറി, ഇഎന്‍ ഡി, ശിശു രോഗം, നേത്രരോഗം, മാനസികാരോഗ്യ വിഭാഗം, ത്വക്ക് രോഗം എന്നിവയിലും സൗജന്യ ചികിത്സ തുടര്‍ന്നു വരുന്നതായും ഡിഎം വിംസ് അധികൃതര്‍ അറിയിച്ചു. ഡീന്‍ ഡോ ഗോപകുമാര്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ വാസിഫ് മായന്‍, ഒബിസി വിഭാഗം മേധാവി ഡോ.എലിസബത്ത്, കാര്‍ഡിയോളജിസ്റ്റ് ഡോ. സന്തോഷ് നാരായണന്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ മഹേഷ്, അസിസ്റ്റന്റ് ജനറല്‍ ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!