സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയിലില്ല- ആരോഗ്യമന്ത്രി

0

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ലോക്ക്ഡൗണ്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി വ്യാപനം തടയാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി എല്ലാവരും കരുതല്‍ നടപടി സ്വീകരിക്കണം. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി. ഒമിക്രോണ്‍ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്.

രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് പുറമേയ്ക്ക് ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും രോഗം പിടിപെടാം. ഇവരില്‍ നിന്ന് പ്രായമായവര്‍ക്കും മറ്റു ഗുരുതര രോഗമുള്ളവര്‍ക്കും രോഗം പകരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ വിദേശത്ത് നിന്ന് വരുന്ന എല്ലാവരും നിര്‍ബന്ധമായി ഏഴു ദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവായാല്‍ വീണ്ടും ഏഴുദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.

കേന്ദ്രസര്‍ക്കാരാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്. ഇതനുസരിച്ചുള്ള നടപടിയാണ് സംസ്ഥാനത്ത് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്കാണ് കൂടുതലായും ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അതിനാല്‍ വിദേശത്ത് നിന്ന് വരുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!