പാരസെറ്റമോള്‍ ഉള്‍പ്പെടെ സാധാരണ ഉപയോഗത്തില്‍ വരുന്ന 16 മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ വില്‍ക്കാവുന്ന വ്യവസ്ഥ വരുന്നു. ഇതിനായി കരടു നിര്‍ദേശം ആരോഗ്യമന്ത്രാലയം മുന്നോട്ടുവച്ചു. മരുന്നു ചട്ടങ്ങളില്‍ (1945) ഭേദഗതി വരുത്താനുള്ള നിര്‍ദേശം സംബന്ധിച്ച വിജ്ഞാപനമിറക്കി. മോണരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൗത്ത് വാഷ്, ബാക്ടീരിയ, ഫംഗല്‍ എന്നിവയ്‌ക്കെതിരായ ക്രീമുകള്‍, അലര്‍ജിക്കെതിരായ മരുന്നു തുടങ്ങിയവ അംഗീകൃത ലൈസന്‍സുള്ള മെഡിക്കല്‍ കൗണ്ടറുകള്‍ നിന്നു വാങ്ങാനാകും. പ്രത്യേക കുറിപ്പടി ആവശ്യമില്ല. വില്‍പനയ്ക്ക് ചില നിബന്ധനകളുണ്ടാകും. ഇത്തരം മരുന്നുകള്‍ പരമാവധി 5 ദിവസത്തേക്കു മാത്രമേ നല്‍കാന്‍ പാടുള്ളൂ. രോഗലക്ഷണങ്ങള്‍ മാറിയില്ലെങ്കില്‍ ഡോക്ടറെ കാണേണ്ടതാണെന്നും കരടുനിര്‍ദേശത്തിലുണ്ട്. ഒരു മാസത്തിനുള്ളില്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചശേഷം ഭേദഗതി അന്തിമമാക്കും.