സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര വ്യാപനം. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകള്‍ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ സംവിധാനം ഏര്‍പ്പെടുത്തി.
ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്.
അതേസമയം അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.