കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. വിദേശത്തു നിന്നും എത്തുന്നവര്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റയിന്‍ ഉള്‍പ്പെടെ കര്‍ശനമായ വ്യവസ്ഥകള്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥരീകരിക്കുന്ന സാഹചര്യത്തിലാണ് സ്വയം നിരീക്ഷണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്നലെ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12നാണ് യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ക്വാറന്റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. എയര്‍പോര്‍ട്ട് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.