പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റാ ഓവറോള്‍ റാങ്കിംഗില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി. മണിലാല്‍ എന്നിവര്‍ അറിയിച്ചു. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷന്‍ ജില്ലയാണ് വയനാട്. എല്ലാ മേഖലയിലും, പ്രത്യേകിച്ച് ജില്ലയിലെ ആരോഗ്യ-പോഷണ മേഖലയിലും സാമ്പത്തിക- നൈപുണ്യ വികസന മേഖലയിലും മികച്ച മുന്നേറ്റം നടത്തിയാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കി വരുന്ന എ.ബി.സി.ഡി പദ്ധതി പ്രകാരം പുതുതായി ബാങ്ക് എക്കൗണ്ടുകള്‍ ഉള്‍പ്പെടെ തുടങ്ങാനായതാണ് സാമ്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് ഡാറ്റ പ്രകാരം 2022 ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിംഗില്‍ 60.1 സ്‌കോര്‍ നേടിയാണ് വയനാട് ഒന്നാം റാങ്ക് നേടിയത്. ആരോഗ്യം- പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍- നൈപുണിക വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടിയിട്ടുണ്ട്. 2022 ഒക്ടോബര്‍ സൂചിക പ്രകാരം ആരോഗ്യ മേഖലയിലെ പ്രതിരോധ കുത്തിവെയ്പ്, ഗര്‍ഭിണികള്‍ക്കുള്ള ആന്റി നാറ്റല്‍ ചെക്കപ്പ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെലിവറീസ്, സ്‌കില്‍ഡ് ബെര്‍ത്ത് അറ്റന്റന്‍സ് എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക-നൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും ജില്ല മികവ് കാണിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം (സെപ്റ്റംബറില്‍) 32 ആയിരുന്നു ജില്ലയുടെ ഓവറോള്‍ സ്ഥാനം. 2018 ല്‍ ആസ്പിരേഷന്‍ പദ്ധതി തുടങ്ങിയ ശേഷം ആദ്യമായാണ് ഡെല്‍റ്റാ റാങ്കിംഗില്‍ ജില്ല ഒന്നാമതെത്തുന്നത്. ഇതിനു മുമ്പ് 2021 സെപ്റ്റംബര്‍ മാസത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. ഇതേ മാസം ആരോഗ്യ മേഖലയിലും രണ്ടാം സ്ഥാനമുണ്ടായിരുന്നു. ഇത്തവണ വിദ്യാഭ്യാസം, കൃഷി- ജലവിഭവം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ യഥാക്രമം 19, 83, 54 റാങ്കുകള്‍ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ ജില്ലയുടെ വികസനം ആസ്പിരേഷന്‍ മാനദണ്ഡപ്രകാരം ഏറെക്കുറെ പൂര്‍ണമായതിനാലാണ് റാങ്കിംഗില്‍ വലിയ പുരോഗതി കാണിക്കാത്തത്.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ 8 കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. 2022 ജൂണ്‍ മാസം അവസാനിച്ച ഒന്നാം പാദത്തില്‍ സാമ്പത്തിക നൈപുണ്യ വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപ ലഭിക്കുന്നതിന് ജില്ലയ്ക്ക് അര്‍ഹതയുണ്ടെന്ന് നീതി ആയോഗില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുമുണ്ട്. ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്.
രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക (ഒഉക) മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി ഭാരത സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ചതാണ് ആസ്പിരേണല്‍ ജില്ലാ പദ്ധതി. ദേശീയ-സംസഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുളള മത്സരക്ഷമത, സര്‍വോപരി, കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതിയുടെ കീഴില്‍ വിലയിരുത്തുന്നത്.
ദേശീയ തലത്തില്‍ നീതി ആയോഗിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഭാരത സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള സെന്‍ട്രല്‍ പ്രഭാരി ഓഫീസറെ നീതി ആയോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് സംസഥാന പ്രഭാരി ഓഫീസര്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ജില്ലാതല നോഡല്‍ ഓഫീസര്‍. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.
കൂടാതെ, ജില്ലാതലത്തില്‍ പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാമാസവും ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്.