കുറുക്കന്മൂലയിലെ കയ്യാങ്കളി; വിപിന്‍ വേണുഗോപാലിനെതിരെ കേസ്
മാനന്തവാടി: മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ഗുരുതരവകുപ്പ് ഉള്‍പ്പടെ അഞ്ചോളം വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പൊലീസ് കേസെടുത്തത്.
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയതിനെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കുറുക്കന്‍മൂല പിഎച്ച്സിക്ക് സമീപം കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് വനം വകുപ്പ് തിരച്ചില്‍ നടത്തുന്നു.